'നേതൃത്വത്തെ അനുസരിക്കണം, മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്'; പാണക്കാട് സാദിഖലി തങ്ങൾ

സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണമെന്നും പാണക്കാട് സാദിഖലി തങ്ങൾ.
'നേതൃത്വത്തെ അനുസരിക്കണം, മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്'; പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: യൂത്ത്‍ലീഗ് റാലിയിൽ പ്രകോപനപരമായ മു​ദ്രാവാക്യമുയർന്ന സംഭവത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് പ്രവർത്തകർക്ക് ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഉത്തരവാദിത്തങ്ങളുണ്ടെന്നും മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ അധികാരമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം. പ്രവർത്തികളിൽ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ താക്കീത് നൽകി. മുസ്ലിം ലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയർന്നത്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി. കണ്ടാലറിയാവുന്ന 300 പേർക്കെതിരെ നേരത്തെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നൽകിയ പരാതിയിലാണ് കേസെടുത്തത്. റാലിയിൽ‌ വിദ്വേഷ മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പുറത്താക്കിയതായി മുസ്ലിം യൂത്ത് ലീ​ഗ് അറിയിച്ചിരുന്നു.

ലീ​ഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ചു നൽകിയതിൽ നിന്നും വ്യതിചലിച്ചുമാണ് സലാം മുദ്രാവാക്യം വിളിച്ചതെന്നും ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബുവാണ് കാഞ്ഞങ്ങാട് നടന്ന റാലി ഉദ്ഘാടനം ചെയ്തത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല.

ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ നമുക്ക് അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കും.

വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവർത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം. പ്രവർത്തികളിൽ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലർത്തണം.

ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവർ മൂഢസ്വർഗ്ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോൽപിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികൾ കേരളത്തിന്റെ മണ്ണിൽ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവർത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിംലീഗിന്റെ ചരിത്രം ആർക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാൾക്കും അതെടുത്ത് വായിക്കാം. അതിൽ ദുരൂഹതകളില്ല. ദുർഗ്രാഹ്യതകളില്ല. മുസ്‌ലിംലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവർക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും.

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ

പാണക്കാട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com