'ഹൃദ്രോഗമുളള ഡോക്ടറെ മർദ്ദിച്ചു'; നഴ്സുമാർക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍

'പേപ്പര്‍ എഴുതികൊടുത്ത് അതില്‍ ഒപ്പിടണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു'
'ഹൃദ്രോഗമുളള ഡോക്ടറെ മർദ്ദിച്ചു'; നഴ്സുമാർക്കെതിരെ  സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍

തിരുവനന്തപുരം: തൃശൂരിലെ നൈൽ ആശുപത്രി നഴ്സുമാർ ആശുപത്രി ഉടമയായ ഡോ. അലോ​ഗിനെ മർദ്ദിച്ച് കളളക്കേസ് കൊടുക്കുകയായിരുന്നുവെന്ന ആരോപണവുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. പ്രശ്‌നം നിയമപരമായി നേരിടും. പരിക്കേറ്റ ഡോക്ടറുടെ ഫോട്ടോ അടക്കം പുറത്തുവിട്ടാണ് അസോസിയേഷന്റെ ആരോപണം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും(ഐഎംഎ) സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നഴ്സുമാരുടെ വാക്കുകളിൽ വൈരുദ്ധ്യമുണ്ടെന്നാണ് ഐഎംഎ പറയുന്നത്. ഹൃദ്രോഗമുളള ഡോക്ടറെയാണ് അവർ അക്രമിച്ചത്. ഡോക്ടര്‍ അലോ​ഗും ഭാര്യയുമാണ് ലേബര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് പോയത്. ഒരു പേപ്പര്‍ എഴുതികൊടുത്ത് അതില്‍ ഒപ്പിടണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച് ഡോക്ടര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ പറഞ്ഞു

തുടര്‍ന്ന് നഴ്‌സുമാരും ഡോക്ടറും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഡോക്ടർക്ക് പരിക്കേറ്റെന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ആരോപിച്ചു. കൈകാര്യം ചെയ്തതില്‍ ഡോക്ടര്‍ പരാതി നല്‍കിയെന്ന് മനസ്സിലാക്കിയ നഴ്‌സുമാര്‍ കളളക്കേസ് നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ കൂട്ടിച്ചേർത്തു.

അതേസമയം ​ഗർഭിണിയടക്കമുളള നഴ്സുമാരെ ഡോക്ടർ അലോ​ഗ് മർദ്ദിച്ചെന്ന് ആരോപിച്ച് ഇന്ന് തൃശൂർ ജില്ലയിൽ നഴ്സുമാർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. അലോഗിനെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് യുഎൻഎ വ്യക്തമാക്കി. ഡോക്ടർ അലോക് ലേബർ ഓഫീസിൽ വെച്ച് താനുൾപ്പെടെയുളള എട്ട് നഴ്സുമാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് മർദ്ദനത്തിനിരയായ നഴ്സ് ലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com