'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, സർക്കാർ ധനസ്ഥിതി പുറത്തുവിടണം'; സമരം രൂക്ഷമാക്കാൻ പ്രതിപക്ഷം

'ഇന്ധന സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് ഡീസലിന്റെ വിൽപ്പന കുറഞ്ഞു. ഇതുവഴി സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടിയിരുന്ന നികുതിയാണ് കുറയുന്നത്..'
'സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, സർക്കാർ ധനസ്ഥിതി പുറത്തുവിടണം'; സമരം രൂക്ഷമാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനപ്രതിസന്ധി രൂക്ഷമാകുമ്പോഴും നിലവിലെ സാമ്പത്തിക സ്ഥിതി പുറത്തുവിടാൻ സർക്കാർ തയ്യാറാകുനില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. എല്ലാ വസ്തുക്കൾക്കും തീ വിലയാണ്. ഇന്ധന സെസ് തെറ്റാണെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ധന സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് ഡീസലിന്റെ വിൽപ്പന കുറഞ്ഞു. ഇതുവഴി സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടിയിരുന്ന നികുതിയാണ് കുറയുന്നത്. ട്രക്കുകൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡീസലടിച്ചാണ് കേരളത്തിലേക്ക് വരുന്നത്. സംസ്ഥാനത്ത് വച്ച് ഡീസലടിക്കുന്നില്ല. സെസ് കൂട്ടിയത് തെറ്റായ തീരുമാനമെന്ന പ്രതിപക്ഷ നിലപാട് അടിവരയിടുകയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂടി. നെൽ കർഷകർക്ക് ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം നൽകിയിട്ടില്ല. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോകുമ്പോൾ സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണ്. നികുതി വരുമാനം വർധിപ്പിക്കാനുളള ഇടപെടൽ ഉണ്ടാകുന്നില്ല. സ്വർണ്ണക്കള്ളക്കടത്ത് കൂടുന്നു. ഇതുവഴി സ്വർണ്ണത്തിൽ നിന്നുള്ള നികുതി വരുമാനം കുറഞ്ഞു. സമാന്തര സ്വർണ്ണവിപണി തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. വാറ്റിന് ശേഷം ജിഎസ്ടി വന്നപ്പോൾ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും നികുതി ഭരണ സംവിധാനം പുനഃസംഘടിപ്പിച്ചു. കേരളത്തിൽ ഇത് പാതി വഴിയിലാണ്. ഇപ്പോഴത്തേത് പരിതാപകരമായ പുനഃസംഘടനയാണ്. നികുതി വകുപ്പ് ജീവനക്കാർക്ക് പണിയില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കച്ചവടം നികുതിവെട്ടിച്ച് നടക്കുമ്പോൾ ധനവകുപ്പ് നോക്കുകുത്തിയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

നികുതി വെട്ടിച്ച് കച്ചവടങ്ങൾ പൊടിപൊടിക്കുമ്പോൾ, നികുതി നൽകി, കറൻ്റ് ബില്ലും വാട്ടർ ബില്ലുമടക്കമടച്ച് കച്ചവടം നടത്തുന്നവർ പൂട്ടിപ്പോകേണ്ട അവസ്ഥയിലാണ്. സപ്ലൈകോയെ ഉപയോഗപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ല. സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സപ്ലൈകോയിൽ ടെൻഡർ നടപടികൾ പോലും നിലച്ചിരിക്കുന്നു. സപ്ലൈകോയ്ക്ക് ഓണത്തിന് സാധനങ്ങൾ വിതരണം ചെയ്യാൻ പറ്റുമെന്ന് ഉറപ്പില്ല. രൂക്ഷമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത്. കുടുംബങ്ങളുടെ ചെലവ് വർധിച്ചു. ഇങ്ങനെ പോയാൽ ഓണക്കാലത്ത് സാധനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയായിരിക്കും. ജീവിതം ദുരിത പൂർണ്ണമായിരിക്കുന്ന സാധാരണക്കാരെ രക്ഷിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷം തീരുമാനിച്ചിരുന്ന റേഷൻ കട സമരമടക്കം ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ മാറ്റി വെക്കുകയായിരുന്നു. ജൂലൈ 31 മുതൽ പ്രഖ്യാപിച്ച സമര പരിപാടികൾ ശക്തമാക്കും. ധവളപത്രമിറക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. പ്രതിപക്ഷം തന്നെ ധവളപത്രമിറക്കി. അന്ന് ധവളപത്രത്തിൽ നൽകിയ മുന്നറിയിപ്പെല്ലാം ഇപ്പോൾ യാഥാർത്ഥ്യമായെന്നും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com