ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെക്കാന്‍ ലോകായുക്ത തീരുമാനിച്ചത്.
ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 7 ലേക്ക് മാറ്റി. ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. കേസ് ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശി കുമാര്‍ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് അപേക്ഷ നല്‍കിയത്. മാര്‍ച്ചിലാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത ഉത്തരവിട്ടത്. ലോകായുക്ത ബെഞ്ചില്‍ ഭിന്നവിധിയുണ്ടായ സാഹചര്യത്തിലാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായാണ് പരാതി നല്‍കിയിരുന്നത്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്നാണ് പരാതി. പരേതനായ എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപ നല്‍കിയതും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ ഭാര്യയുടെ സ്വര്‍ണ പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പ അടയ്ക്കുന്നതിനുമായി എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കി എന്നായിരുന്നു ആരോപണം. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി നല്‍കിയതും വിവാദമായിരുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭയുടെ കുറിപ്പും കൂടാതെ പണം നല്‍കിയത് ദുര്‍വിനിയോഗമാണെന്നാണ് ലോകായുക്തയ്ക്ക് മുന്നിലെത്തിയ പരാതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com