'പുതിയത് സിൽവർ ലൈനല്ല, അതിവേ​ഗ റെയിൽ പദ്ധതി'; വ്യക്തമാക്കി ഇ ശ്രീധരൻ

കെ വി തോമസിന് പുതിയ പദ്ധതി സംബന്ധിച്ച് നോട്ട് നല്‍കി. കെവി തോമസ് അത് മുഖ്യമന്ത്രിക്ക് കൈമാറി. അദ്ദേഹം തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇ ശ്രീധരൻ പറഞ്ഞു.
'പുതിയത് സിൽവർ ലൈനല്ല, അതിവേ​ഗ റെയിൽ പദ്ധതി'; വ്യക്തമാക്കി ഇ ശ്രീധരൻ

കൊച്ചി: കേരളത്തില്‍ അതിവേഗ റെയില്‍ അനിവാര്യമെന്ന് ഇ ശ്രീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ല. തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. ഹൈ സ്പീഡ് ട്രെയിനുളള പ്രൊജക്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. അത് സംബന്ധിച്ച റിപ്പോര്‍ട്ട് പഠിച്ച് സമര്‍പ്പിച്ചിരുന്നു. കെ വി തോമസിന് പുതിയ പദ്ധതി സംബന്ധിച്ച് നോട്ട് നല്‍കി. കെവി തോമസ് അത് മുഖ്യമന്ത്രിക്ക് കൈമാറി. അദ്ദേഹം തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

സില്‍വര്‍ ലൈനിലെ ഡിപിആര്‍ അപ്രായോഗികമാണ്. നിര്‍മാണ ചുമതല പരിചയ സമ്പന്നര്‍ക്ക് കൈമാറണം. കേരളത്തിന് ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ ആവശ്യമാണ്. കുറഞ്ഞ അളവില്‍ ഭൂമി എടുത്താല്‍ മതി. ആകാശപാതയായോ ഭൂഗര്‍ഭ റെയില്‍വേയായോ കെ റെയില്‍ കൊണ്ടുവരാം. പരിസ്ഥിതി അനുകൂലമാവണം. കെ റെയിലിന്റെ സിൽ‌വർ ലൈൻ പദ്ധതി റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചില്ല. ആകാശപ്പാതയാണെങ്കില്‍ ഭൂമിയുടെ ഉപയോഗം വളരെ കുറച്ച് മാത്രമേ വരുന്നുളളു. ബദല്‍ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ റെയില്‍ വന്നില്ലെങ്കില്‍ മറ്റൊരു ട്രെയിന്‍ വേണം.

ഡിഎംആര്‍സിയുടെ റിപ്പോര്‍ട്ട് വെച്ച് സെമി സ്പീഡ് ട്രെയിന്‍ കൊണ്ടുവരാം. അതിവേ​ഗ റെയിലിന് അഞ്ചിലൊന്ന് ഭൂമി മതി. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. കെ റെയിൽ വേണ്ട എന്ന കോൺ​ഗ്രസ് നിലപാട് അവരുടെ നിലപാട് മാത്രമാണ്. ഇന്ത്യൻ റെയിൽവേയോ ഡൽഹി മെട്രോയോ ഇതിന്റെ നിർമാണം നടത്തണം. മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണെന്നും ‌ഇ ശ്രീധരൻ വ്യക്തമാക്കി.

പുതിയ പദ്ധതി എല്ലാവരുടേയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഡൽഹി, മെട്രോ, കൊങ്കൺ റെയിൽവേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്. 18 മാസം കൊണ്ട് ഡിപിആർ തയ്യാറാക്കാം. ഫോറിൻ ഫണ്ട് കിട്ടണമെങ്കിൽ പ്രകൃതി സൗഹൃദമാക്കും. തന്റെ പ്രൊപ്പോസൽ അം​ഗീകരിച്ചാൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങാൻ സഹായിക്കാമെന്നും ഇ ശ്രീധരൻ പറഞ്ഞു.

ഇന്ത്യയിലാകെ ഹൈ സ്പീഡ് റെയിൽവേ നെറ്റ്‌വർക്ക് വരുന്നുണ്ടെന്നും അവയിൽ പ്രധാനപ്പെട്ട രണ്ടു ലൈൻ കേരളത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ- ബാംഗ്ലൂർ-കോയമ്പത്തൂർ -കൊച്ചി, കൊങ്കൺ റൂട്ടിൽ നിന്ന് മുംബൈ-മാംഗ്ലൂർ- കോഴിക്കോട് എന്നിങ്ങനെയാകും വരാൻ പോകുന്ന ഹൈ സ്പീഡ് റെയിൽവേ ലൈൻ. ഹൈ സ്പീഡ് ട്രെയിൻ ഓടാനുള്ള സാധ്യത വേണമെന്നും സ്റ്റാന്റേഡ് ഗേജാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്തേക്ക് ട്രെയിൻ കൊണ്ടുപോകാനാകുമെന്നും കെ വി തോമസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞു.

പദ്ധതിയുടെ ഡിപിആർ ഒന്നര വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയും. ഡിഎംആർസി ആണെങ്കിൽ ആറ് വർഷം കൊണ്ട് പൂർത്തിയാക്കാമെന്നും ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. 14-15 സ്റ്റേഷൻ വരാൻ സാധ്യതയുണ്ടെന്നും എലിവേറ്റഡ് സംവിധാനമായതിനാൽ കേരളത്തെ രണ്ടായി കീറി മുറിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. മറ്റ് മൂന്ന് പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാനാണ് ഇന്ന് റെയിൽവേ ഉദ്യോഗസ്ഥരെ കണ്ടത്. ഇതിൽ രണ്ടെണ്ണം കേരളത്തിൽ വരാൻ സാധ്യതയുണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com