ഒരു വർഷം മരിച്ചത് 3000ലധികം മെയിന്റയിനർമാർ; ജീവനക്കാരുടെ സുരക്ഷ പോലും ഉറപ്പാക്കാനാകാതെ റെയിൽവേ

റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ ജീവിതം റെയിൽവേ ട്രാക്കിൽ സുരക്ഷിതമാണോ? റിപ്പോർട്ടർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കുന്നു.
ഒരു വർഷം മരിച്ചത് 3000ലധികം മെയിന്റയിനർമാർ; ജീവനക്കാരുടെ സുരക്ഷ പോലും ഉറപ്പാക്കാനാകാതെ റെയിൽവേ

കൊച്ചി: ട്രെയിൻ യാത്രക്കാരുടെ മാത്രമല്ല ജീവനക്കാരുടെ സുരക്ഷ പോലും റെയിൽവേക്ക് ഉറപ്പാക്കാനാകുന്നില്ല. ഇന്ത്യൻ റെയിൽവേയുടെ ലക്ഷക്കണക്കിന് യാത്രക്കാർക്ക് യഥാർത്ഥ സുരക്ഷയൊരുക്കുന്ന റെയിൽവേ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് എന്ത് സുരക്ഷിതത്വമാണ് അധികൃതർ ഉറപ്പു നൽകുന്നത്? വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച രക്ഷക് വയർലെസ് ഉപകരണം പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല.

തീവണ്ടികളിൽ യാത്ര ചെയ്യുന്ന ലക്ഷങ്ങളുടെ സുരക്ഷിതത്വത്തിന് വെയിലെന്നോ മഴയെന്നോ ഇല്ലാതെ ചുമലിൽ ഭാരവും പേറി കിലോമീറ്ററുകൾ നടന്ന് ജോലി ചെയ്യുന്നവരാണ് റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാർ. എന്നാൽ ഇവരുടെ ജീവിതം റെയിൽ വേ ട്രാക്കിൽ സുരക്ഷിതമാണോ? റിപ്പോർട്ടർ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷിക്കുന്നു.

പാളത്തിന്റെ വിളളലുകളും പൊട്ടലും ശ്രദ്ധിക്കുക, ട്രെയിൻ തിരിക്കുന്ന പോയിൻ്റുകൾ സംരക്ഷിക്കുക, റെയിൽ ലോക്ക് ചെയ്തിരിക്കുന്ന ക്ലിപ്പുകൾ ഉറപ്പിക്കുക, ട്രാക്കിലേക്ക് മരങ്ങൾ വീഴുന്നതും ഇലക്ട്രിക്ക് ലൈനുകൾക്ക് അപകടം പറ്റുന്നതും ശരിയാക്കുക, അനധീകൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയുക എനിവയാണ് റെയില്‍വേ ജീവനക്കാരിലെ ട്രാക്ക് മെയിന്റയിനർമാരുടെ പ്രധാനപ്പെട്ട ജോലികൾ. എഞ്ചിനുകൾ മുഴുവൻ ഇലക്‌ട്രിക്‌ സംവിധാനത്തിലായതിനാൽ ട്രെയിനുകൾക്ക്‌ ശബ്ദം കുറവാണ്‌. തൊട്ടടുത്ത്‌ എത്തിയാലേ ജീവനക്കാർ അറിയൂ. ഓടിമാറാൻ സമയം ലഭിക്കില്ല. മഴക്കാലത്ത്‌ വളരെയധികം അപകടാവസ്ഥയിലാണ്‌ ജോലി. കേരളത്തിലെ പാതകളിൽ വളവുകൾ കൂടുതലാണ്‌. ദുർഘടമായ വളവുകളിലും പാലങ്ങളിലും പാളം പരിശോധിക്കുന്നവർക്ക്‌ ട്രെയിനിന്റെ ചൂളംവിളി കേട്ടാലും ഓടിമാറാൻ കഴിയാത്ത സ്ഥിതിയാണെന്ന്‌ ജീവനക്കാർ പറയുന്നു.

ഒരു വർഷം 3000 ലധികം മെയിന്റയിനർമാരുടെ ജീവൻ ജോലിക്കിടെ പാളത്തിൽ പൊലിയുന്നു എന്നാണ് ഇന്ത്യൻ റെയിൽവേ പാർലമെന്റിൽ വച്ച കണക്കിൽ വ്യക്തമാക്കുന്നത്. അതിർത്തി കാക്കുന്ന പട്ടാളക്കാർ കഴിഞ്ഞാൽ രാജ്യത്ത് ഹൈ റിസ്ക് കാറ്റഗറി ജോലിയിൽ രണ്ടാമത് വരുന്നത് ഇവരാണ്.

രക്ഷക് എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗമെന്ന് റെയിൽവേ തന്നെ നിർദ്ദേശിച്ചതാണ്. എന്നാൽ കേരളത്തിൽ ഒരു ഡിവിഷനിലും ഒരു ഉപകരണം പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. വിതരണ ചുമതലയുള്ള റെയിൽവേ ഡിവിഷണൽ മാനേജർമാർ ഫണ്ടില്ല എന്ന പതിവു പല്ലവി ആവർത്തിക്കുമ്പോൾ പൊലിയുന്നത് പാവപ്പെട്ട തൊഴിലാളികളുടെ ജീവനാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com