സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ചെലവാക്കിയത് 50 കോടി; കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്ക് മാത്രം 20 കോടി

കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്ക് മാത്രം 20.82 കോടി രൂപ ചെലവായിട്ടുണ്ട്
സില്‍വര്‍ ലൈന്‍ പദ്ധതിക്ക്  ചെലവാക്കിയത് 50 കോടി; കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്ക് മാത്രം 20 കോടി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ ചെലവാക്കിയത് 50 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടന്‍സി ജോലികള്‍ക്ക് മാത്രം 20.82 കോടി രൂപ ചെലവായിട്ടുണ്ട്. ഇ ശ്രീധരന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് പദ്ധതി മാറ്റുകയാണെങ്കില്‍ നിലവിലെ വിശദപദ്ധതി രേഖ ഉള്‍പ്പടെ മാറ്റേണ്ടി വരുമെന്നിരിക്കെയാണ് ഇതുവരെ സില്‍വര്‍ലൈനായി ചെലവായ തുക സംബന്ധിച്ച വിവരം പുറത്ത് വന്നിരിക്കുന്നത്.

നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ 74 ശതമാനം ഭൂതലത്തിലൂടെയാണ് പോകുന്നത്. ബാക്കി 26 ശതമാനം മാത്രമാണ് മേല്‍പാതകളിലൂടെയോ തുരങ്കപാതയിലൂടെ പോകുന്നത്. സില്‍വര്‍ലൈനിന്റെ വിശദപദ്ധതി രേഖ തയ്യാറാക്കുന്നതിന് വിമാനം ഉപയോഗിച്ച് നടത്തിയ ആകാശ സര്‍വേയ്ക്ക് മാത്രം രണ്ട് കോടി രൂപ ചെലവായിട്ടുണ്ട്. മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷം രൂപയാണ് വേണ്ടി വന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കും പതിമൂന്ന് കോടിയോളം രൂപ ചെലവായിട്ടുണ്ട്.

തന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രണ്ട് പേജ് റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ സര്‍ക്കാറിന് കൈമാറിയത്. ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്നും പിന്നീട് മതി ഹൈസ്പീഡ് ട്രെയിന്‍ എന്നുമാണ് ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇ ശ്രീധരന്റെ നിര്‍ദേശം അനുസരിച്ച് ഭൂരിഭാഗവും ആകാശ-തുരങ്ക പാതകളിലേക്ക് മാറുകയാണെങ്കില്‍ നിലവില്‍ തയ്യാറാക്കിയിരിക്കുന്ന അലൈന്‍മെന്റില്‍ ഉള്‍പ്പടെ മാറ്റം വരുത്തേണ്ടി വരും. ഇങ്ങനെ വന്നാല്‍ ഇതുവരെ സില്‍വര്‍ലൈനായി ചെയതിട്ടുള്ള കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com