അതിവേഗ റെയില്‍പാതയെ പിന്തുണച്ച് ബിജെപി; 'ശ്രീധരന്റെ ബദല്‍ പദ്ധതി നടപ്പിലാക്കണം'

അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
അതിവേഗ റെയില്‍പാതയെ പിന്തുണച്ച് ബിജെപി; 'ശ്രീധരന്റെ ബദല്‍ പദ്ധതി നടപ്പിലാക്കണം'

മലപ്പുറം: മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്ന അതിവേഗ റെയില്‍പാതയെ പിന്തുണച്ച് ബിജെപി. കേരളത്തിന് അതിവേഗ പാത അനിവാര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മെട്രോമാന്‍ ഇ ശ്രീധരന്റെ നിര്‍ദേശപ്രകാരമാണ് ബിജെപി കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാറുള്ളതെന്നും സുരേന്ദ്രന്‍. മെട്രോമാന്‍ ഇ ശ്രീധരനെ പൊന്നാനിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം.

അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

'സില്‍വര്‍ ലൈന്‍ അപ്രായോഗികമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ സാഹചര്യത്തില്‍ അതിവേഗപാതയ്ക്ക് അന്ന് തന്നെ ബദല്‍ പദ്ധതിയും നിര്‍ദേശിച്ചിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനമാണ് പരമ പ്രധാനം. നടപ്പാക്കാന്‍ സാധിക്കാത്ത പദ്ധതിക്ക് വേണ്ടി വാശിപിടിക്കരുത്. മെട്രോമാന്‍ പറഞ്ഞത് പോലുള്ള ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് വേണ്ടത്.', കെ സുരേന്ദ്രന്‍ വിശദീകരിച്ചു.

അതിവേഗ സര്‍ക്കാരാണ് മോദിയുടേത്. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനില്‍ക്കില്ല. പതിവ് കൂടിക്കാഴ്ച്ച മാത്രമാണ് ഇ ശ്രീധരനുമായി നടത്തിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ഇ ശ്രീധരന്‍ കൈമാറിയത്. കേരള സര്‍ക്കാര്‍ പ്രതിനിധിയായ കെ വി തോമസിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രണ്ട് പേജ് റിപ്പോര്‍ട്ടാണ് നല്‍കിയത്. ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്നും പിന്നീട് മതി ഹൈ സ്പീഡ് ട്രെയിന്‍ എന്നുമാണ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com