മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും

മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഇന്നും തുടരും. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. നാല് പേരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. അതേസമയം മന്ത്രിമാർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലത്തീൻ സഭ വികാരി യൂജിൻ എച്ച് പെരേരയ്ക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധത്തിനും സാധ്യതയുണ്ട്. യൂജിൻ എച്ച് പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്. മന്ത്രിമാരെ തടഞ്ഞതിന്റെ പേരിൽ അഞ്ചുതെങ്ങ് പൊലീസാണ് സ്വമേധയാ കേസ് എടുത്തത്.

ഐപിസി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൂന്ന് പേർക്കെതിരെയും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നാണ് എഫ്ഐആർ.

യൂജിൻ പെരേര വന്ന ഉടൻ മന്ത്രിമാരുടെ വാഹനം തടയാൻ നാട്ടുകാരോട് ആഹ്വാനം ചെയ്തതെന്നും കലാപ ആഹ്വാനമാണ് യൂജിൻ പെരേര നടത്തിയതെന്നും മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു.‌ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകാർ തടഞ്ഞിരുന്നു.

മത്സ്യബന്ധനത്തിനായി പോയ വള്ളം തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അപകടത്തിൽ പെട്ടത്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഒരാഴ്ചക്കിടെയുണ്ടായ മൂന്നാമത്തെ അപകടമാണിത്. മുതലപ്പൊഴി ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പുലിമുട്ട് നിർമ്മാണത്തിൽ അപാകതയുണ്ട്. അത് പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com