കെപിസിസി നേതൃയോഗത്തില്‍ ഹൈബിക്ക് വിമര്‍ശനം; കടുപ്പിച്ച് കൊടിക്കുന്നില്‍

പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്ന് കൊടിക്കുന്നില്ർ സുരേഷ്
കെപിസിസി നേതൃയോഗത്തില്‍ ഹൈബിക്ക് വിമര്‍ശനം; കടുപ്പിച്ച് കൊടിക്കുന്നില്‍

തിരുവനന്തപുരം: ഹൈബി ഈഡന്റെ സ്വകാര്യ ബില്‍ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനമുന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ്. തലസ്ഥാനം മാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നില്ലെന്നും വര്‍ക്കിംഗ് പ്രസിഡന്റായ കൊടുക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടത്. വിഷയം സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയം കത്തയച്ചു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സംസ്ഥാനം രൂപീകരിച്ച കാലം മുതല്‍ തലസ്ഥാനം തിരുവനന്തപുരമാണ്. അവിടെ അതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുളള സാധ്യതകള്‍ക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം പരിഹാസവുമാരംഭിച്ചു.

ഹൈബി ഈഡന്റെ ആവശ്യം അപക്വവും അപ്രായോഗികവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവും ശശി തരൂരും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. തലസ്ഥാനം മാറ്റണമെന്ന് സ്വബോധം ഉളളവര്‍ ആരും പറയില്ലെന്നാണ് എംഎം മണി പ്രതികരിച്ചത്. പറഞ്ഞയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുന്നു എന്ന് വ്യക്തമായെന്നാണ് മന്ത്രി പി രാജീവ് പരിഹസിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com