'ഏക സിവില്‍കോഡ് അനുകൂലികള്‍ ഞങ്ങളുടെ സമരത്തെ മുതലെടുക്കേണ്ടതില്ല'; വി പി സുഹറ

ഒരുകാലത്ത് ഏക സിവില്‍കോഡിന് വേണ്ടി തങ്ങള്‍ സമരം ചെയ്തിരുന്നു, എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ ഭയമുണ്ടെന്നും വി പി സുഹറ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.
വി പി സുഹറ, നിസ പ്രഡിഡണ്ട്‌
വി പി സുഹറ, നിസ പ്രഡിഡണ്ട്‌

മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി തങ്ങള്‍ നടത്തുന്ന സമരം കാലഹരണപ്പെട്ട വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയാണെന്നും ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നുവെന്നും മുസ്ലിം സ്ത്രീകളുടെ സംഘടനയായ നിസയുടെ പ്രസിഡണ്ട് വി പി സുഹറ.

ഒരുകാലത്ത് ഏക സിവില്‍കോഡിന് വേണ്ടി തങ്ങള്‍ സമരം ചെയ്തിരുന്നുവെന്നും എന്നാല്‍ രാജ്യമാസകലം ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ ഭയമുണ്ടെന്നും വി പി സുഹറ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

'കാലഹരണപ്പെട്ടതും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമായ ധാരാളം കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ശരീഅത്ത് നിയമത്തെ അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമം. അത് അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. അതുകൊണ്ടാണ് എല്ലാവര്‍ക്കും ഒരു നിയമം നല്ലത് എന്ന നിലയ്ക്ക് മുന്‍കാലത്ത് ഏക സിവില്‍ കോഡിനെ പിന്തുണച്ചത്. എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങള്‍ അങ്ങനെയല്ല.

പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ രാജ്യത്തെ വിവിധങ്ങളായ ന്യൂനപക്ഷങ്ങള്‍ അവരുടെ നിലനില്‍പുമായി ബന്ധപ്പെട്ട ആശങ്കകള്‍ നേരിടുന്നുണ്ട്. ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നിയമനിര്‍മാണങ്ങള്‍ പോലും നടക്കുന്ന ഈ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ ലക്ഷ്യത്തെ സംശയത്തോടെയേ കാണാനാകൂ. അതുകൊണ്ട് തന്നെ ഞങ്ങളുടെ സമരത്തെ യൂനിഫോം സിവില്‍കോഡ് അനുകൂലികള്‍ മുതലെടുക്കേണ്ടതില്ല. യൂനിഫോം സിവില്‍കോഡിന് പകരം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക എന്ന ആവശ്യമാണ് ഞങ്ങളിപ്പോള്‍ മുന്നോട്ടുവെക്കുന്നത്', വി പി സുഹറ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് പകരം മുസ്ലിം വ്യക്തിനിയമങ്ങള്‍ ഭരണഘടനാനുസൃതമായി പരിഷ്‌ക്കരിക്കുകയാണ് വേണ്ടത് എന്നറിയിച്ച് നിസ കേന്ദ്ര നിയമ കമ്മീഷന് കത്തയയ്ക്കുകയും വരുത്തേണ്ട ഭേദഗതികളുടെ കരട് രൂപം നിയമവിദഗ്ധരുമായി ചേര്‍ന്ന് തയ്യാറാക്കി അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലിം പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ പരിഗണയിലുള്ള കേസിലെ(SLP 9546/ 2016) സുപ്രധാന കക്ഷിയാണ് വി പി സുഹറ. കേരളത്തില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടക്കുന്ന സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും മുഖം കൂടിയാണ് വിപി സുഹറ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com