മഴയ്ക്ക് ശമനമില്ല; ഒരു മരണം, കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം

മഴ ഇനിയും കനത്താൽ അടിയന്തരസാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്ന് ‌റവന്യൂ മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
മഴയ്ക്ക് ശമനമില്ല; ഒരു മരണം, കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള കണ്ണൂരും കാസർകോടും ഇടുക്കിയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. പാലക്കാട്‌ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. മഴ ഇനിയും കനത്താൽ അടിയന്തരസാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്ന് ‌റവന്യൂ മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജാഗ്രത വേണം. ജില്ലകളിൽ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കും. ദുരന്ത നിവാരണ നിയമപ്രകാരം നടപടികളെടുക്കും. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. പനി ബാധിതരെ പ്രത്യേകം പാർപ്പിക്കും. ഏഴ് ജില്ലകളിൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റെഡ് അലേർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത് . ഇടുക്കി ഡാമിൽ 24 മണിക്കൂറിനുള്ളിൽ ജലനിരപ്പ് ഒന്നരയടി ഉയർന്ന് 2306.60 അടിയായി.

കൊച്ചിയിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലാരിവട്ടത്ത് വൻമരം വീണ് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരുക്കേറ്റു. കടലോര പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി മുനമ്പം തുടങ്ങിയ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.

ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വൻ മരം കടപുഴകി റോഡിലേക്ക് വീണു. തൃശൂർ ഷൊർണൂർ സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു.

കോട്ടയം ജില്ലയിലും മഴ ശക്തമാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ചങ്ങനാശേരി മാടപ്പള്ളി ഗവൺമെൻ്റ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പത്ത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മല്ലപ്പള്ളി താലൂക്കിൽ രണ്ട് ക്യാമ്പുകൾ തുറന്നു. 3 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ജില്ലയിൽ 10 വില്ലേജുകളിലായി 11 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ളാഹ, റാന്നി, തുടങ്ങി മലയോര മേഖലകളിലും മഴ കനത്തു. പമ്പ, അച്ചൻകോവിൽ, നദികളിൽ ജലനിരപ്പ് ഉയർന്നു. തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണ ഭീഷണിയുണ്ട്. മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി.

തിരുവനന്തപുരം ജില്ലയിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം വെങ്ങാനൂരിലും ചിറയിൻകീഴിലും മരം കടപുഴകി വീണു. മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. മുതല പൊഴിയിൽ മറിഞ്ഞ വള്ളം കരയ്ക്കെത്തിച്ചു. വള്ളം ഭാഗികമായി തകർന്നു.

കൊല്ലം കുണ്ടറയിലും പുനലൂരിലും മരം വീണ് വീട് തകർന്നു. കൊല്ലം ചെങ്കോട്ട പാതയിൽ മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ പാതയിൽ റോഡിൽ നിന്ന് തെന്നി മാറിയ വാഹനം മറിഞ്ഞു. ആലപ്പുഴ ജില്ലയിൽ കനത്ത മഴ തുടരുന്നു. ഹരിപ്പാട്, ചേർത്തല മേഖലകളിൽ വെള്ളക്കെട്ട് ശക്തമാണ്.

മലബാറിലെ ജില്ലകളിൽ രാവിലെ മുതൽ ചെയ്യുന്ന കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മരം കടപുഴകി വീണ് നിരവധി വീടുകൾ തകർന്നു ഗതാഗത തടസ്സവുമുണ്ടായി. പൊന്നാനിയിൽ ശക്തമായ കടൽ ക്ഷോഭത്തിൽ വീടുകളും റോഡും തകർന്നു . എല്ലാ ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

കഴിഞ്ഞ മണിക്കൂറുകളിലെ ശക്തമായ മഴയിൽ മലപ്പുറത്താണ് ഏറ്റവുമധികം ദുരിതമുണ്ടായത്. പൊന്നാനി ഹിളർപള്ളിയിലും, വെളിയംകോടും, പാലപ്പെട്ടിയിലും കടൽക്ഷോഭം മൂലം 30 വീടുകളിൽ വെള്ളം കയറി. ഹിളർപള്ളിയിൽ തെങ്ങുകൾ നശിച്ചു. റോഡ് പൂർണമായും തകർന്നു. കടൽക്ഷോഭത്താൽ വെളിയംകോട് സ്വദേശി അഷ്‌റഫിന്റെ കുടുംബം ഒറ്റപ്പെട്ടു. മഴ കനത്തിട്ടും ഉദ്യോഗസ്ഥർ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ശക്തമായ കടൽക്ഷോഭം ഇപ്പോഴും ഇവിടെ തുടരുകയാണ്.

മലപ്പുറം ചങ്ങരംകുളത്ത് മരം കട പുഴകി ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ജില്ലയിൽ ജൂലൈ 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി ചുരം ആറാം വളവിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കണ്ണൂരിൽ മഴ ശക്തമായി തുടരുകയാണ്. ജില്ല ആശുപത്രിക്ക് സമീപം നിർത്തിയിട്ട ബസിന് മുകളിൽ മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ഓടകൾ നിറഞ്ഞൊഴുകുന്ന കാരണം പലയിടങ്ങളിലും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട് വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു. സാന്റ് ബാങ്ക്സിലെ വയൽ വളപ്പിൽ സഫിയയുടെ വീടാണ് തകർന്നത്. ‌

കാസർകോട് ജില്ലയിൽ കിഴക്കൻ മലയോര മേഖലകളിൽ വയലുകളിലും റോഡുകളിലും വെള്ളം കയറി. രാത്രിയിലും കനത്ത ജാഗ്രത തുടരാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട്‌ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. വടക്കഞ്ചേരി പൊത്തപ്പാറ പല്ലാറോഡ് സ്വദേശി തങ്കമണിയാണ് മരിച്ചത്. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com