ശിവശങ്കറിന്റെ ഇടക്കാല ജാമ്യം; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ഹർജി നാളെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
ശിവശങ്കറിന്റെ ഇടക്കാല ജാമ്യം; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ കേസിൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. ഹർജി നാളെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും. മെഡിക്കൽ റിപ്പോർട്ട് കോടതി അംഗീകരിക്കുന്ന ഘട്ടത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അഭിഭാഷകൻ തടസ്സവാദം ഉയർത്തി. ഹർജി പരിഗണിക്കാൻ ഈ കോടതിക്ക് കഴിയില്ല എന്നായിരുന്നു ഇഡിയുടെ വാദം. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയാണ് ഈ അപേക്ഷയും പരിഗണിക്കേണ്ടത് എന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതേ തുടർന്ന് കൂടുതൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറുകയായിരുന്നു. ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും.

ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എം ശിവശങ്കർ ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ചികിത്സയുടെ ആവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നായിരുന്നു ആവശ്യം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യമെന്ന ശിവശങ്കറിന്‍റെ ആവശ്യം പരിഗണിക്കരുതെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com