'ഹൈബി ഈഡന്റെ ആവശ്യം രാഷ്ട്രീയ ഒത്തുകളി'; തലസ്ഥാന മാറ്റത്തില്‍ വി മുരളീധരന്‍

സഹകരണ ഗൂഢാലോചനയിൽ മാധ്യമങ്ങൾ വീണുപോകരുതെന്നും കേന്ദ്രമന്ത്രി
'ഹൈബി ഈഡന്റെ ആവശ്യം രാഷ്ട്രീയ ഒത്തുകളി'; തലസ്ഥാന മാറ്റത്തില്‍ വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹൈബി ഈഡന്റെ സ്വകാര്യബില്ലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണ–പ്രതിപക്ഷങ്ങൾ ഒത്തുകളിക്കുകയാണെന്നും കൈതോലപ്പായയിൽ സ്വർണം കടത്തിയതുൾപ്പെടെയുള്ള ഗുരുതര വിഷയങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള തന്ത്രം മാത്രമാണിതെന്നും മുരളീധരൻ ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് അടക്കം ആരോപണം നേരിടുമ്പോൾ കോൺഗ്രസ് ഇതിന് കൂട്ടുനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ഗൂഢാലോചനയിൽ മാധ്യമങ്ങൾ വീണുപോകരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഹൈബി ഈഡൻ എംപിയുടെ തലസ്ഥാന വിവാദത്തിൽ പാർട്ടിയിലെ എംപിമാർക്ക് കോൺ​ഗ്രസ് നിർദേശം നൽകി. പാർട്ടി അറിയാതെ ഒരു സ്വകാര്യ ബില്ലും പ്രമേയവും കൊണ്ടുവരരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശിച്ചു. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ വിവാ​ദമായ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഇടപെടൽ.

ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെതിരെ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളും രം​​ഗത്തെത്തിയിരുന്നു. ഹൈബിയുടേത് ശരിയായ നടപടിയാണെന്ന് പാര്‍ട്ടി കരുതുന്നില്ല. അത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപിമാരായ കെ മുരളീധരനും അടൂര്‍ പ്രകാശും രംഗത്തു വന്നിരുന്നു. തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്ന് മുരളീധരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാര്‍ട്ടിയോട് ആലോചിക്കാതെ ഹൈബി ബില്ല് അവതരിപ്പിച്ചത് ശരിയായ നിലപാടല്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നിലപാട് ഹൈബി സ്വീകരിച്ചതെന്ന് അറിയില്ല. കോണ്‍ഗ്രസിന് അങ്ങനെ ഒരു നിലപാടില്ല, മുരളീധരന്‍ പറഞ്ഞു.

ഹൈബിയുടെ ആവശ്യം അപ്രായോഗികവും അനവസരത്തിലുള്ളതുമാണെന്ന് അടൂര്‍ പ്രകാശ് വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാതെ പറഞ്ഞ അഭിപ്രായമാണത്. ഹൈബിയുടെ ആവശ്യം നടപ്പിലാക്കുക എന്നത് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന കാര്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡ‍ൻ 2023 മാര്‍ച്ച് 9ന് ലോക്സഭയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ മാര്‍ച്ച് 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് നൽകിയ മറുപടി.

സംസ്ഥാന രൂപീകരണം മുതല്‍ തലസ്ഥാനം തിരുവനന്തപുരമാണ്. അവിടെ അതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുളള സാധ്യതകള്‍ക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com