ഡെങ്കിപ്പനി ആശങ്കയിൽ കേരളം; 138 ഹോട്‌സ്പോട്ടുകള്‍

കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര തുടങ്ങിയവയാണ് കോഴിക്കോടുള്ള ഹോട്‌സ്പോട്ടുകൾ.
ഡെങ്കിപ്പനി ആശങ്കയിൽ കേരളം; 138 ഹോട്‌സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പനി ആശങ്ക ഒഴിയുന്നില്ല. 138 ഡെങ്കിപ്പനി ബാധിത മേഖലകൾ കൂടി ആരോഗ്യ വകുപ്പ് കണ്ടെത്തിയതോടെ ആശങ്ക വർധിക്കുകയാണ്. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയത്. കൊല്ലത്ത്‌ 20 പനിബാധിത മേഖലകളാണുള്ളത്. അഞ്ചൽ, കരവാളൂർ, തെന്മല, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളാണവ.

കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര തുടങ്ങിയവയാണ് കോഴിക്കോടുള്ള ഹോട്‌സ്പോട്ടുകൾ. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് ആരോഗ്യവകുപ്പ് തരം തിരിച്ചിട്ടുള്ളത്. രണ്ടു ജില്ലകളിലും 20 വീതം ഹോട്‌സ്പോട്ടുകളുള്ളതിനാൽ ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ 12 ഹോട്‌സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ടൗൺ, സീതത്തോട്, കോന്നി, കടമ്പനാട് മല്ലപ്പള്ളി എന്നീ പ്രദേശങ്ങൾ ഉൾപ്പടെ 12 ഹോട്‌സ്പോട്ടുകളാണവ. ഇടുക്കിയിൽ വണ്ണപ്പുറം, മുട്ടം, കരിമണ്ണൂർ, പുറപ്പുഴ എന്നിവ ഡെങ്കിപ്പനി ബാധിത മേഖലകളാണ്. കോട്ടയം മുനിസിപ്പാലിറ്റിയിൽ മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്‌സ്പോട്ടുകളുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിൽ ഏഴ് ഹോട്സ്പോട്ടുകളാണുള്ളത്. എറണാകുളത്ത്‌ കൊച്ചി കോർപ്പറേഷൻ പ്രദേശമുൾപ്പെടെ 9 മേഖലകൾ പനി ബാധിതമെന്ന് കണ്ടെത്തി.

തൃശൂർ ഒല്ലൂരിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലാണ്. പാലക്കാട് 4 പനിബാധിത മേഖലകൾ മാത്രമേയുള്ളൂവന്നത് ആശ്വാസം നൽകുന്നു. കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 പനിബാധിത മേഖലകളുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയിൽ ഉൾപ്പെടുന്നു. വയനാട് സുൽത്താൻ ബത്തേരിയും മീനങ്ങാടിയും ഉൾപ്പടെ നാലിടങ്ങളാണ് പനിബാധിത മേഖലകൾ. തലശേരിയും പാനൂർ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനിബാധിത മേഖലകളിലുണ്ട്. കാസർകോട് ബദിയടുക്കയുൾപ്പെടെ 5 പനിബാധിത മേഖലകളാണുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com