'രോഗിയാണ് പ്രധാനം, അവരുടെ സുരക്ഷയും'; മെഡിക്കൽ വിദ്യാർത്ഥിനികളുടെ ഹിജാബ് ആവശ്യത്തെ എതിർത്ത് ഐഎംഎ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളാണ് ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്.
'രോഗിയാണ് പ്രധാനം, അവരുടെ സുരക്ഷയും'; മെഡിക്കൽ വിദ്യാർത്ഥിനികളുടെ ഹിജാബ് ആവശ്യത്തെ എതിർത്ത് ഐഎംഎ

തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന മെഡിക്കൽ വിദ്യാർത്ഥിനികളുടെ ആവശ്യത്തെ ശക്തമായി എതിർത്ത് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). ഓപ്പറേഷൻ തിയേറ്ററുകളിൽ ആഗോളതലത്തിൽ പിന്തുടരുന്ന പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്നും രോ​ഗിയുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഐഎംഎ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളാണ് ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്.

തിങ്കളാഴ്ചയാണ് മുസ്ലിം മത വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് 'വിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം' എന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് വിദ്യാർഥിനികൾ പ്രിൻസിപ്പാളിന് കൈമാറിയത്. ഏത് സാഹചര്യത്തിലും ഹിജാബ് നിർബന്ധം ആണെന്നും ഹിജാബ് ഓപ്പറേഷൻ തിയറ്ററിലും അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഇത്തരം ആവശ്യങ്ങൾ അം​ഗീകരിക്കുന്നത് ശാസ്ത്രീയമായും ധാർമ്മികമായും യോജിച്ചതല്ലെന്ന് കേരള ​ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പറഞ്ഞു. നിലവിലുള്ള രീതിയും പ്രോട്ടോകോളുകളും തുടരണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നതെന്ന് ഐഎംഎ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സുൽഫി നൂഹ് പ്രതികരിച്ചു. ആ​ഗോളതലത്തിൽ ആശുപത്രിയിലും ഓപ്പറേഷൻ തിയേറ്ററിലും രോ​ഗിയാണ് പ്രധാനം. അവരുടെ സുരക്ഷയ്ക്കും അണുബാധയുണ്ടാകാതിരിക്കുന്നതിനും അന്താരാഷ്ട്ര നിയമാവലികളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തിയറ്ററിലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം മത വിശ്വാസം കൂടി നടപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം എന്നായിരുന്നു വിദ്യാർത്ഥിനികളുടെ ആവശ്യം. ശസ്ത്രക്രിയക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ ഇത് ലഭിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. എന്നാൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാൻ ആകുവെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. ലിനറ്റ് മോറിസ് അറിയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com