ആയുധ ലൈസന്‍സ് അപേക്ഷ നിരസിച്ചു; എഡിഎമ്മിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

സ്വയരക്ഷ കണക്കിലെടുത്ത്, നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് നേരത്തെ ഹര്‍ജിക്കാരന്‍ നേടിയിരുന്നു.
 ആയുധ ലൈസന്‍സ് അപേക്ഷ നിരസിച്ചു; എഡിഎമ്മിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നത് ആയുധ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാനുള്ള കാരണമല്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. തോക്കിനുള്ള ലൈസന്‍സ് അപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ തീരുമാനം ചോദ്യം ചെയ്താണ് അപേക്ഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി.

തിരുവനന്തപുരം മേനംകുളം സ്വദേശിയും നിര്‍മ്മാണ കമ്പനി ഉടമയുമായ അലക്‌സാണ്ടര്‍ വടക്കേടമാണ് ഹൈക്കോടതിയെ സമീപിച്ചത്. തൊഴിലിന്റെ സ്വഭാവമനുസരിച്ച് ജീവനും സ്വത്തിനും അപായ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. സ്വയരക്ഷ കണക്കിലെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് നേരത്തെ ഹര്‍ജിക്കാരന്‍ നേടിയിരുന്നു. 1992 മുതല്‍ സ്ഥിരമായി ലൈസന്‍സ് പുതുക്കി നേടുകയും ചെയ്യുന്നുണ്ട്.

ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയുമായി ഹര്‍ജിക്കാരന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. എന്നാല്‍ ലൈസന്‍സ് അനുവദിക്കുന്നതിനെ പൊലീസ് എതിർക്കുകയായിരുന്നു. അപേക്ഷകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണ് എന്നായിരുന്നു ഐജിയും സിറ്റി പൊലീസ് കമ്മീഷണറും ഉയര്‍ത്തിയ തടസ്സവാദം. ഇദ്ദേഹത്തിന് എതിരായ കേസ് പുനരന്വേഷണത്തിലാണെന്നും ജീവന് ഭീഷണിയില്ലെന്നുമായിരുന്നു പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. അപേക്ഷകന്‍ പ്രതിയായ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല എന്നതും ജീവന് ഭീഷണിയുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നകാര്യവും ചൂണ്ടിക്കാട്ടി എഡിഎം ആയുധ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തള്ളുകയായിരുന്നു.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അപേക്ഷ നിരസിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അപേക്ഷകന് എതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് എഡിഎമ്മിന് ധാരണയുണ്ട്. ഇത്തരം കേവല വാദമുയര്‍ത്തിയാണ് ആയുധ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നിരസിച്ചത്. ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഇത് മതിയായ കാരണമല്ല. ലൈസന്‍സ് അപേക്ഷ എഡിഎം തള്ളിയതിന് മതിയായ കാരണമില്ല. ജീവനും സ്വത്തിനുമുള്ള ഭീഷണിയാണ് പ്രധാനം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് അപേക്ഷ നിരസിക്കുകയല്ല വേണ്ടതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

എഡിഎമ്മിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ അപ്പീലുമായി ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിച്ചു. എന്നാല്‍ ഈ അപ്പീലും തള്ളി. നിലനില്‍ക്കാത്ത കാരണം പറഞ്ഞാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറും തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ ആയുധ ലൈസന്‍സ് അപേക്ഷ നിരസിച്ച തീരുമാനം റദ്ദാക്കണമെന്നും ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com