ജയിലറെ മർദ്ദിച്ചു; ആകാശ് തില്ലങ്കേരിയെ വിയ്യൂർ ജയിൽ നിന്ന് മാറ്റി

ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശിനെ ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി വച്ച് മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു ജയിലറെ മർദ്ദിച്ചത്.
ജയിലറെ മർദ്ദിച്ചു; ആകാശ് തില്ലങ്കേരിയെ വിയ്യൂർ ജയിൽ നിന്ന് മാറ്റി

തൃശൂർ: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതി‌ ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റി. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസിസ്റ്റന്റ് ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശിനെ ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി വച്ച് മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു ജയിലറെ മർദ്ദിച്ചത്. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി. വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ആക്രമണം ഉണ്ടാകുകയും ഷുഹൈബ് കൊല്ലപ്പെടുകയും ചെയ്തത്. അർദ്ധരാത്രിയിൽ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കണ്ണൂർ തെരൂരിൽ വച്ച് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com