'കുട്ടികളെ വഴിതെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ കർശന നടപടി'; ശിവൻകുട്ടി

'വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം'
'കുട്ടികളെ വഴിതെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ കർശന നടപടി'; ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യൂട്യൂബർ 'തൊപ്പി' യെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം യൂട്യൂബർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിയമനടപടികൾ ഇനിയുമുണ്ടാകും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂളുകളും ഓഫീസുകളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മന്ത്രി സംസാരിച്ചു. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകളും ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോ​ഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ഒരോ ഓഫീസിലും ശുചിത്വത്തിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന നയം സൃഷ്ടിക്കേണ്ടതുണ്ട്. ട്രാഷ് ക്യാനുകൾ, റീസൈക്ലിം​ഗ് ബിന്നുകൾ, ക്ലീനിങ് സൊല്യൂഷനുകൾ, പേപ്പർ ടവലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവയും സ്കൂളുകളിലും ഓഫീസുകളിലും സജ്ജീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com