'നമ്മൾ യാചിക്കുകയാണ്, അവരോ....'; ഇന്ത്യയുമായി താരതമ്യം ചെയ്ത് പാക് നേതാവിന്‍റെ പ്രസംഗം, വീഡിയോ വൈറൽ

പാകിസ്താൻ നാശത്തിന്റെ വക്കിൽ നിന്ന് കരകയറാൻ ലോകത്തോട് കെഞ്ചുകയാണെന്ന് അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേ​ഗം വൈറലാവുകയായിരുന്നു.
'നമ്മൾ യാചിക്കുകയാണ്, അവരോ....'; ഇന്ത്യയുമായി താരതമ്യം ചെയ്ത് പാക് നേതാവിന്‍റെ പ്രസംഗം, വീഡിയോ വൈറൽ

ഇസ്ലാമാബാദ്: പാകിസ്താനെ ഇന്ത്യയുമായി താരതമ്യം ചെയ്തുള്ള പാക് പ്രതിപക്ഷനേതാവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. മൗലാനാ ഫസ്ലുർ റഹ്മാൻ പാകിസ്താൻ ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസം​ഗത്തിലാണ് ഇന്ത്യയെക്കുറിച്ച് പരാമർശമുള്ളത്.

'ഇന്ത്യയെയും നമ്മളെയും (പാകിസ്താൻ) താരതമ്യപ്പെടുത്തി നോക്കൂ. രണ്ട് രാജ്യങ്ങളും ഒരേ ദിവസമാണ് സ്വാതന്ത്ര്യം നേടിയത്. പക്ഷേ, ഇന്ന് അവർ (ഇന്ത്യ) ലോകത്തെ സൂപ്പർ പവർ ആയി വളരുന്നത് സ്വപ്നം കാണുന്നു, നമ്മളോ കടത്തിൽ നിന്ന് രക്ഷപ്പെടാൻ യാചിക്കുന്നു'- മൗലാനാ ഫസ്ലുർ റഹ്മാൻ പറഞ്ഞു. ഇന്ത്യ ലോകശക്തിയായി വളരുമ്പോൾ പാകിസ്താൻ നാശത്തിന്റെ വക്കിൽ നിന്ന് കരകയറാൻ ലോകത്തോട് കെഞ്ചുകയാണെന്ന് അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേ​ഗം വൈറലാവുകയായിരുന്നു.

ജാമിയത്ത് ഉലമ ഇ ഇസ്ലാം ഫാസ്ൽ നേതാവായ മൗലാനാ ഫസ്ലുർ റഹ്മാൻ രാജ്യത്തെ രാഷ്ട്രീയസംവിധാനം തകർത്തതിന് ഭരണകൂടത്തെ നിശിതമായി വിമർശിച്ചു. എതിരാളി കൂടിയായ പാകിസ്താൻ തെഹ്രി കെ ഇൻസാഫ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ പിന്തുണച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം. ഇമ്രാൻ ഖാന്റെ പാർട്ടിക്ക് റാലികൾ നടത്താനും ഭരണത്തിലേറാനും അവകാശമുണ്ടെന്നായിരുന്നു മൗലാനാ ഫസ്ലുർ റഹ്മാൻ പറഞ്ഞത്.

റാലി നടത്താൻ അനുവാദം വേണമെന്ന് പാകിസ്താൻ തെഹ്രി കെ ഇൻസാഫ് നേതാവ് ആസാദ് ഖൈസർ ആവശ്യപ്പെട്ടിരുന്നു. ആസാദ് ഖൈസറിന്റെ ആവശ്യം ന്യായമാണെന്നും റാലി നടത്തുക എന്നത് തെഹ്രി കെ ഇൻസാഫിന്റെ അവകാശമാണെന്നും മൗലാനാ ഫസ്ലുർ റഹ്മാൻ പറഞ്ഞു. ഭൂരിപക്ഷം തെഹ്രി കെ ഇൻസാഫിന് ആണെങ്കിൽ അവരെ ഭരിക്കാൻ അനുവദിക്കണമെന്നും ഭരണത്തിലുള്ള സഖ്യസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താൻ മുസ്ലിം ലീ​ഗ് (നവാസ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവയുടെ സഖ്യമാണ് രാജ്യത്ത് ഇപ്പോൾ അധികാരത്തിലുള്ളത്. 'അധികാരം ഉപേക്ഷിക്കൂ, എന്നിട്ട് പ്രതിപക്ഷത്ത് വന്നിരിക്കൂ. പാകിസ്താൻ തെഹ്രി കെ ഇൻസാഫ് ആണ് വലിയ കക്ഷിയെങ്കിൽ ഭരണം അവർക്ക് വിട്ടുനൽകൂ'- മൗലാനാ ഫസ്ലുർ റഹ്മാൻ കൂട്ടിച്ചേർത്തു.

ഭരണസംവിധാനവും ഉദ്യോ​ഗസ്ഥവൃന്ദവും രാജ്യത്തെ തിരഞ്ഞെടുപ്പിലും തുടർനടപടികളിലും ഇടപെടുന്നതിനെയും മൗലാനാ ഫസ്ലുർ റഹ്മാൻ വിമർശിച്ചു. പാകിസ്താന്റെ പുരോ​ഗതിക്കായി പ്രവർത്തിക്കുന്നതിൽ ഇവയ്ക്കൊന്നും പങ്കില്ല. ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നില്ല. പരാജയപ്പെട്ടവർ തൃപ്തരല്ല, വിജയിച്ചവർ അസ്വസ്ഥരുമാണ്. എന്തൊരു തിരഞ്ഞെടുപ്പായിരുന്നു അത് എന്നും മൗലാനാ ഫസ്ലുർ റഹ്മാൻ ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com