'സൂര്യൻ' ഊട്ടുമെന്ന് വിശ്വാസം; കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്നു, പിതാവിന് എട്ട് വർഷം തടവ്

വീഗൻ 'പ്രാണ' ഡയറ്റ് പിന്തുടരുന്നത് വഴി കുഞ്ഞിനെ സൂപ്പർമാൻ ആക്കാനായിരുന്നു ഈ അച്ഛൻ്റെ ശ്രമം
'സൂര്യൻ' ഊട്ടുമെന്ന് വിശ്വാസം; കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്നു, പിതാവിന് എട്ട് വർഷം തടവ്

മോസ്കോ: ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസിൽ റഷ്യൻ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവുശിക്ഷ. കുഞ്ഞിന് ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും പകരം സൂര്യപ്രകാശം കൊള്ളിക്കുകയുമായിരുന്നു കുഞ്ഞിന്റെ പിതാവായ മാക്സിം ല്യൂട്ടി ചെയ്തത്. ഇതോടെ കുഞ്ഞ് മരിക്കുകയായിരുന്നു. വീഗൻ 'പ്രാണ' ഡയറ്റ് പിന്തുടരുന്നത് വഴി കുഞ്ഞിനെ സൂപ്പർമാൻ ആക്കാനായിരുന്നു ഈ അച്ഛൻ്റെ ശ്രമം.

അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോയ കുഞ്ഞ് ഒടുവിൽ ന്യൂമോണിയ ബാധിച്ചായിരുന്നു മരിച്ചത്. സൂര്യപ്രകാശം മാത്രം നൽകി, കുഞ്ഞിലൂടെ പരീക്ഷണം നടത്തി, അത് വിജയിച്ചാൽ ഇങ്ങനെ വേണം കുട്ടികളെ വളർത്താനെന്ന് വീഡിയോ ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി.

മാത്രമല്ല, മരുന്നുകൾ ഉപയോ​ഗിക്കാൻ തയ്യാറാകാതിരുന്ന ഇയാൾ, കുഞ്ഞിനെ ശക്തനാക്കാൻ തണുത്ത വെള്ളത്തിൽ കിടത്തുമായിരുന്നു. കുഞ്ഞിനെ മുലയൂട്ടാൻ പങ്കാളിയെ അനുവദിക്കാതിരുന്ന ഇയാൾ കുഞ്ഞിന് സൂര്യൻ ഭക്ഷണം നൽകുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്.

ആദ്യം, കുഞ്ഞിന്റെ മരണം പങ്കാളിയുടെ കുറ്റമാണെന്ന് വരുത്തി തീർക്കാൻ ഇയാൾ ശ്രമിച്ചു. ഭാര്യക്കുള്ള അനീമിയ കുഞ്ഞിനും ലഭിച്ചതാണ് മരണകാരണമെന്നായിരുന്നു ആരോപണം. എന്നാൽ അവസാന ദിവസത്തെ വാദത്തിനിടെ താൻ കാരണമാണ് കുഞ്ഞ് മരിച്ചതെന്ന് ഇയാൾ സമ്മതിച്ചു. കുഞ്ഞിനെ കൊല്ലുകയെന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്ന് ല്യൂട്ടി കോടതിയിൽ പറഞ്ഞു. രക്ഷാകർത്താവിന്റെ ഉത്തരവാദിത്തം നിറവേറ്റാനാകാത്തതിൽ താൻ ഖേദിക്കുന്നുവെന്നും മാക്സിം ല്യൂട്ടി നിറ കണ്ണുകളോടെ തുറന്നുപറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com