നിങ്ങൾ ഹാപ്പിയല്ലേ? എങ്കില്‍ ജോലിക്ക് വരേണ്ട, വീട്ടിലിരുന്നോളൂ; 'അൺ ഹാപ്പി അവധി'യുമായി ചൈന

പാങ് ഡോങ് ലായി എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചെയർമാനുമായ യു ഡോം​ഗ്ലായ് ആണ് ജീവനക്കാരുടെ സന്തോഷത്തിന് കൂടുതൽ പരി​ഗണന നൽകി കൊണ്ട് അവധി പ്രഖ്യാപിച്ചത്
നിങ്ങൾ ഹാപ്പിയല്ലേ? എങ്കില്‍ ജോലിക്ക് വരേണ്ട, വീട്ടിലിരുന്നോളൂ; 'അൺ ഹാപ്പി അവധി'യുമായി ചൈന

ബെയ്ജിങ്: ജീവനക്കാരുടെ സന്തോഷത്തെ കണക്കിലെടുത്ത് 'അൺഹാപ്പി അവധി' അവതരിപ്പിച്ച് ചൈനയിലെ റീട്ടെയിൽ വ്യവസായി. ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വളർത്തിയെടുക്കുക ലക്ഷ്യവുമായിട്ടാണ് ചൈനയിലെ റീട്ടെയിൽ വ്യവസായി ജീവനക്കാർക്കായി 'അൺഹാപ്പി അവധി' എന്ന ആശയം അവതരിപ്പിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാങ് ഡോങ് ലായി എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചെയർമാനുമായ യു ഡോം​ഗ്ലായ് ആണ് ജീവനക്കാരുടെ സന്തോഷത്തിന് കൂടുതൽ പരി​ഗണന നൽകി കൊണ്ട് അവധി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഒരു ജീവനക്കാരന് 10 ദിവസത്തെ അവധിയാണ് അനുവദിക്കുക. എല്ലാവർക്കും സന്തോഷമില്ലാത്ത സമയങ്ങളുണ്ട്. നിങ്ങൾ സന്തുഷ്ഠരല്ലെങ്കിൽ ജോലിയ്ക്ക് വരരുത് എന്നായിരുന്നു യു ഡോം​ഗ്ലായ് പറഞ്ഞത്. ഈ അവധി ലഭിക്കുന്നതിലൂടെ ജീവനക്കാരെ അവരുടെ വിശ്രമ സമയം നിർണ്ണയിക്കാൻ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു ജീവനക്കാരൻ അൺഹാപ്പി അവധിക്കായി അപേക്ഷിച്ചാൽ മാനേജ്മെൻ്റിന് നിഷേധിക്കാനാവില്ലെന്നും നിരസിക്കുന്നത് ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ തൊഴിൽ നയം അനുസരിച്ച് ജീവനക്കാർക്ക് ഒരു ദിവസം ഏഴ് മണിക്കൂറാണ് പ്രവർത്തന സമയം. വാരന്ത്യങ്ങളിൽ അവധിയാണ്. കൂടാതെ 30 മുതൽ 40 ദിവസം വരെ വാർഷിക അവധിക്ക് അർഹതയുണ്ട്. ചാന്ദ്ര പുതുവർഷത്തിൽ അഞ്ച് ദിവസത്തെ അവധിയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വലിയവരാകാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ജീവനക്കാർ ആരോ​ഗ്യകരവും വിശ്രമകരവുമായ ജീവിതം നയിക്കണമെന്ന് ആ​ഗ്രഹിക്കുന്നുവെന്നും കമ്പനിയുടെ ചെയർമാൻ പറഞ്ഞു. സ്വാതന്ത്ര്യവും സ്നേഹവും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ തീരുമാനത്തെ വലിയ സ്വീകര്യതയോടെയാണ് സമൂഹമാധ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും നല്ല ബോസും ഈ കമ്പനി തീരുമാനത്തേയും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സമൂഹമാധ്യങ്ങളിലൂടെ ആളുകൾ പ്രതികരിച്ചു. ഈ കമ്പനിയിൽ പ്രവർത്തിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് ഒരാൾ രം​ഗത്തെത്തി.

2021ൽ ജോലി സ്ഥലത്തെ ഉത്കണ്ഠകളെ കുറിച്ച് ചൈനയിൽ നടത്തിയ ഒരു സർവേയിൽ 65 ശതമാനത്തിലധികം ജീവനക്കാർക്കിടയിലും ജോലിയിൽ ക്ഷീണവും സന്തോഷമില്ലായ്മയും അനുഭവപ്പെട്ടതായി കണ്ടെത്തിയിരുന്നു. ചൈനീസ് മേലധികാരികൾ ദീർഘനേരം ജോലി ചെയ്യണമെന്ന് വാദിക്കുന്ന സംസ്‌കാരത്തെ അപലപിച്ചുകൊണ്ടാണ് യു ഡോം​ഗ്ലായിൻ്റെ പുതിയ നീക്കം. ജീവനക്കാരെ അധികസമയം ജോലി ചെയ്യിപ്പിക്കുന്നത് അധാർമികവും വളർച്ചയ്ക്കുള്ള മറ്റുള്ളവരുടെ അവസരങ്ങൾ അപഹരിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com