സരബ്ജിത് സിങിന്റെ ഘാതകരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

2013 ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍ വെച്ച് കൊല്ലപ്പെടുന്നത്.
സരബ്ജിത് സിങിന്റെ ഘാതകരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ലാഹോര്‍: പാകിസ്താന്‍ ജയിലില്‍ വെച്ച് 2013 ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങിന്റെ ഘാതകരില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച്ച ലാഹോറില്‍വെച്ചാണ് കൊല്ലപ്പെട്ടത്. ലാഹോറിലെ ഇസ്ലാംപുര മേഖലയില്‍ വെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയവരാണ് അധോലോക ഡോണ്‍ ആയ അമീര്‍ സര്‍ഫറാസിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.

2013ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍ വെച്ച് കൊല്ലപ്പെടുന്നത്. സര്‍ഫറാസും സഹതടവുകാരനും ചേര്‍ന്ന് ജയിലില്‍ വെച്ച് ആക്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ അദ്ദേഹത്തെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് ശേഷം മരിച്ചു. കേസില്‍ 2018 ല്‍ തെളിവുകളുടെ അഭാവം മൂലം സര്‍ഫറാസിനെ പാക്കിസ്താന്‍ കോടതി വെറുതെ വിടുകയും ചെയ്തു.

പഞ്ചാബ് സ്വദേശിയായിരുന്നു സരബ്ജിത്. ചാരവൃത്തി, പാകിസ്താന്‍-പഞ്ചാബ് പ്രവിശ്യയില്‍ 14 പേര്‍ കൊല്ലപ്പെടാനിടയായ ബോംബ് സ്‌ഫോടനത്തിലെ പങ്ക് എന്നിവ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായിരുന്നു സരബ്ജിത്. ഈ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവും ഇന്ത്യന്‍ സര്‍ക്കാരും നിഷേധിച്ചിരുന്നു. ഇരുപത് വര്‍ഷം പാക്കിസ്താനി ജയിലില്‍ കഴിഞ്ഞ സരബ്ജിത് 2013 മെയ് മാസത്തില്‍ മരണപ്പെടുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com