ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു: ഇറാൻ

ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടുമെന്നും രാജ്യം അറിയിച്ചു
ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു: ഇറാൻ

ടെഹ്റാൻ: ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇനി യുദ്ധം തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഇറാന്‍. തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ അറിയിച്ചു. ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഇറാനെതിരെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണയില്ലെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച്ച ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചതിന് പിന്നാലെ നെതന്യാഹുവും ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഈ കാര്യം അറിയിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിനെതിരായ ഇറാൻ്റെ മിസൈൽ ആക്രമണത്തെ അപലപിച്ചു. സംഘർഷം അവസാനിപ്പിക്കാനും ഇവർ ആഹ്വാനം ചെയ്തു. ഇതിനിടെ ഇസ്രായേലിനെതിരെ പരിമിതമായ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കയെ അറിയിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അമിറാബ്ദുള്ളാഹിയാൻ വ്യക്തമാക്കി.സ്വയം പ്രതിരോധത്തിന് വേണ്ടിയായിരിക്കും ആക്രമണമെന്ന് അറിയിച്ചതായാണ് ഇറാൻ്റെ അവകാശവാദം.

നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നത് മേഖലയിലെ സമാധാനവും അന്തർദേശീയ സമാധാനവും സുരക്ഷയും മാനിക്കുന്ന ഇറാൻ്റെ ഉത്തരവാദിത്തപരമായ സമീപനത്തെയാണ് കാണിക്കുന്നതെന്നും അമിറാബ്ദുള്ളാഹിയാൻ കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ഇസ്രയേൽ ഇനി ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇസ്രയേലിനെതിരായ ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ പുലർച്ചെ വടക്കൻ ഗാസയിലേയ്ക്ക് എതാനും തദ്ദേശവാസികൾ തിരിച്ചെത്തിയതായി റിപ്പോർട്ട്. ഇവരെ ഇസ്രയേൽ സൈന്യം വഴിതടയുകയും വെടിയുതിർക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. കുടിയിറക്കപ്പെട്ട ആളുകളെ മടങ്ങിയെത്താൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രസ്താവനയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com