ഇറാൻ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഇസ്രയേൽ, അപലപിച്ച് ലോക രാഷ്ട്രങ്ങൾ

ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്
ഇറാൻ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഇസ്രയേൽ, അപലപിച്ച് ലോക രാഷ്ട്രങ്ങൾ

ഡൽഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഇസ്രയേൽ. സംഘ‍ർഷത്തിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ആ​ഗോള ശക്തികൾ രം​ഗത്തെത്തി. ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ഇസ്രയേലിലെ സാഹചര്യം വിലയിരുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത ചില ഡ്രോണുകൾ യുഎസ് സേന തകർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ രം​ഗത്തെത്തി. ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ശത്രുത അവസാനിപ്പിക്കണമെന്നും രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സം​ഘർഷത്തെ അപലപിച്ച് കാനഡയും രം​ഗത്തെത്തി. യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗം വിളിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30ന് യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരും.

ഇസ്രയേലുമായി യുദ്ധത്തിനിറങ്ങിയാല്‍ പരാജയപ്പെടുമെന്ന് ഇറാന് ജോബൈഡന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഇസ്രയേലിൻ്റെ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡന്‍ അറിയിച്ചിരുന്നു. യുദ്ധത്തിനായി കൂടുതല്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനുള്ള നടപടി കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു. ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഡമാസ്‌കസിലെ ഒരു ഇറാനിയന്‍ നയതന്ത്ര കെട്ടിടം ഇടിച്ചുനിരത്തുകയും രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് മുതിർന്ന റെവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര പോകരുതെന്ന് ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവില്‍ ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാര്‍ അവിടത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടെയുള്ള ഇന്ത്യാക്കാർ തങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ നൽകണമെന്നും പുറത്തേക്കുള്ള യാത്രകള്‍ പരമാവധി കുറയ്ക്കണെമന്നും വിദേശകാര്യ മന്ത്രലായം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഇറാൻ ആക്രമണത്തിന് തിരിച്ചടി ഉടനെന്ന് ഇസ്രയേൽ, അപലപിച്ച് ലോക രാഷ്ട്രങ്ങൾ
ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

Related Stories

No stories found.
logo
Reporter Live
www.reporterlive.com