സഞ്ചാരികളെ ഇതിലേ... ഇന്ത്യയില്‍ റോഡ് ഷോയുമായി മാലിദ്വീപ്

ദ്വീപിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു
സഞ്ചാരികളെ ഇതിലേ... ഇന്ത്യയില്‍ റോഡ് ഷോയുമായി മാലിദ്വീപ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റോഡ് ഷോയുമായി മാലിദ്വീപ് ടൂറിസം വകുപ്പ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയടതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ദീപിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. നഷ്ടപ്പെട്ട ഇന്ത്യന്‍ വിനോദസഞ്ചാരികളെ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ്ഷോ സംഘടിപ്പിക്കാനാണ് മാലിദ്വീപ് ടൂറിസ്റ്റ് ബോഡിയുടെ പദ്ധതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷമുള്ള മാലിദ്വീപ് മന്ത്രിയുടെ എക്‌സിലെ കുറിപ്പ് ഇന്ത്യാ-മാലി ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു. നയതന്ത്ര ബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ വിനോദസഞ്ചാരികളെ തിരിച്ചുപിടിക്കാനാണ് ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ്ഷോ സംഘടിപ്പിക്കാന്‍ മാലിദ്വീപ് ടൂറിസ്റ്റ് ബോഡി പദ്ധതിയിടുന്നത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ മാലിദ്വീപ് മന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബീച്ച് ടൂറിസത്തിന്റെ വിഷയത്തില്‍ മാലിദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും മന്ത്രി ട്വീറ്റില്‍ കുറിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായി. ഒന്നിലധികം മാലിദ്വീപ് ഉദ്യോഗസ്ഥരും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മാലദ്വീപ് കടുത്ത തിരിച്ചടിയും ബഹിഷ്‌കരണ പ്രചാരണവും നേരിട്ടു. നയതന്ത്ര തര്‍ക്കത്തെത്തുടര്‍ന്ന് ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി മാലിദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.

2023ല്‍ ദ്വീപ് സന്ദര്‍ശിച്ച 17 ലക്ഷത്തിലധികം വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. നയതന്ത്ര സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇന്ത്യക്കാരുടെ എണ്ണം അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. തുടര്‍ന്നാണ് റോഡ് ഷോ നടത്താനുള്ള തീരുമാനത്തില്‍ മാലി ദ്വീപ് അധികൃതരെത്തിയത്. മാലിദ്വീപ് അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്‌സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്സ് സംഘം ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് റോഡ്ഷോകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള യാത്രാ, ടൂറിസം സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സമഗ്രമായ റോഡ്ഷോ ആരംഭിക്കാനും വരും മാസങ്ങളില്‍ മാലിദ്വീപിലേക്ക് സ്വാധീനം ചെലുത്തുന്നവര്‍ക്കും മാധ്യമങ്ങളെ പരിചയപ്പെടുത്താനുമുള്ള യാത്രകള്‍ സുഗമമാക്കുന്നതിനും പദ്ധതികള്‍ നടന്നുവരുന്നുവെന്നും മാലി ടൂറിസം ബോഡി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com