മയക്കുമരുന്നിനായി ശവക്കല്ലറകള്‍ മാന്തുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ

ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ് പ്രത്യേക സാഹചര്യം
മയക്കുമരുന്നിനായി ശവക്കല്ലറകള്‍ മാന്തുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ

ഫ്രീടൗണ്‍: മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വര്‍ധിച്ച സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ് എന്നു വിളിക്കുന്ന മയക്കുമരുന്നിന്റെ ഉപഭോഗമാണ് വര്‍ധിച്ചിരിക്കുന്നത്. ചല വിഷപദാര്‍ഥങ്ങള്‍ക്കൊപ്പം മനുഷ്യന്റെ അസ്ഥിയുടെ പൊടിയും ചേര്‍ത്താണ് കുഷ് എന്ന മയക്കുമരുന്ന് നിര്‍മിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ശവക്കല്ലറ പൊളിച്ച് അസ്ഥിയെടുക്കുന്നത് വ്യാപകമായിരിക്കുയാണ്. അതിനാല്‍ രാജ്യത്തെ കുഴിമാടങ്ങള്‍ക്ക് സുരക്ഷയൊരുക്കിയെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നു പ്രസിഡന്റ ജൂലിയസ് മാഡ ബിയോ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് മയക്കുമരുന്ന് ഉപഭോഗം മൂലം ഒരു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

മനുഷ്യന്റെ അസ്ഥികളില്‍ നിന്ന് രൂപപ്പെടുത്തിയ ഒരു സൈക്കോ ആക്റ്റീവ് മയക്കുമരുന്നാണ് കുഷ്. മരണക്കെണിയായ 'സോംബി' ഇനത്തിലെ മയക്കുമരുന്ന് ഉല്‍പാദനത്തിനായി അസ്ഥികൂടങ്ങള്‍ പുറത്തെടുക്കുന്നത് വ്യാപകമായതിനാല്‍ ഫ്രീടൗണിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സെമിത്തേരികള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. 'കുഷ്' എന്ന് വിളിക്കുന്ന മരുന്ന് പലതരം വിഷ പദാര്‍ത്ഥങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥിയാണ്.

ആറ് വര്‍ഷം മുമ്പ് പശ്ചിമാഫ്രിക്കന്‍ രാജ്യത്താണ് കുഷ് മയക്കുമരുന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ലഹരി മണിക്കൂറുകളോളം നീണ്ടുനില്‍ക്കും. മയക്കുമരുന്ന് ഒരു വ്യാപകമായ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു. ആവശ്യാനുസരണം അസ്ഥികൂടങ്ങള്‍ ലഭിക്കാന്‍ രാജ്യത്തെ ആയിരക്കണക്കിന് ശവകുടീരങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.

കൂടാതെ മയക്കുമരുന്നിന്റെ ഉപയോഗം കാരണം രാജ്യത്ത് കൂടുതല്‍ മരണം സംഭവിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. കൂടാതെ മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പരിചരണവും പിന്തുണയും നല്‍കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകം കേന്ദ്രം തുടങ്ങിയിട്ടുണ്ടെന്നും പ്രസിഡന്റ് ജൂലിയസ് മാഡ ബയോ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com