'ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുന്നു'; ബൈഡന്റെ ഇഫ്താർ സംഗമം ബഹിഷ്‌കരിച്ച് മുസ്‌ലിം നേതാക്കള്‍

മുസ്‍ലിം അമേരിക്കൻ അഭിഭാഷക ഗ്രൂപ്പായ എംഗേ​ജ് ആക്ഷനും ബൈഡന്റെ ക്ഷണം നിരസിച്ചു
'ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുന്നു'; ബൈഡന്റെ ഇഫ്താർ സംഗമം ബഹിഷ്‌കരിച്ച്  മുസ്‌ലിം നേതാക്കള്‍

വാഷിങ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ച് അമേരിക്കയിലെ മുസ്‌ലിം നേതാക്കള്‍. ബൈഡന്‍ ഭരണകൂടം ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിച്ചത്. വൈറ്റ് ഹൗസ് ചൊവ്വാഴ്ച നടത്താനിരുന്ന റംസാന്‍ വിരുന്നാണ് നേതാക്കള്‍ ബഹിഷ്‌കരിച്ചത്. ഇതോടെ ഇഫ്താർ സംഗമം റദ്ദാക്കി. മുസ്‍ലിം നേതാക്കളെ തന്നോടൊപ്പം നിർത്താനുള്ള ബൈഡന്റെ ശ്രമങ്ങൾക്ക് ഇതൊരു തിരിച്ചടിയായി.

ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് അനൗചിത്യമാണെന്ന് ബൈഡന്റെ ക്ഷണം നിരസിച്ചുകൊണ്ട് എമര്‍ജ് എന്ന മുസ്‌ലിം സംഘടനയുടെ നേതാവായ വായ്ല്‍ അല്‍സയാത്ത് പറഞ്ഞു. വൈറ്റ് ഹൗസിന്റെ ക്ഷണം ലഭിച്ചെങ്കില്‍ അത് നിരസിക്കാന്‍ മറ്റ് മുസ്‌ലിം നേതാക്കളോട് താന്‍ ആവശ്യപ്പെട്ടുവെന്ന്‌ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദും പറഞ്ഞു.

'ഗാസയിലെ വെടിനിര്‍ത്തലെന്ന ആവശ്യം ഉന്നയിക്കുന്നതുവരെ ബൈഡനുമായോ അദ്ദേഹത്തിന്റെ പ്രതിനിധികളുമായോ കൂടിക്കാഴ്ചയ്ക്കില്ല എന്ന സന്ദേശമാണ് ഇതുവഴി ഞങ്ങള്‍ നല്‍കുന്നത്. ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുന്ന ലോകത്തെ ഏകവ്യക്തി പ്രസിഡന്റാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ഫോണെടുത്ത് നെതന്യാഹുവിനോട് 'ഇനി ആയുധങ്ങളില്ല, ഒന്നിത് നിര്‍ത്തൂ' എന്ന് പറഞ്ഞാല്‍ നെതന്യാഹുവിന് അത് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ല', നിഹാദ് പറഞ്ഞു. മുസ്‍ലിം അമേരിക്കൻ അഭിഭാഷക ഗ്രൂപ്പായ എംഗേ​ജ് ആക്ഷനും ബൈഡന്റെ ക്ഷണം നിരസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com