സുമനസുകളുടെ സഹായ ഹസ്തം; തോമസുകുട്ടിക്ക് നാടണയാം

മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങുകയായിരുന്നു
സുമനസുകളുടെ സഹായ ഹസ്തം; തോമസുകുട്ടിക്ക് നാടണയാം

ഷാര്‍ജ: മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുന്‍ സൈനിക ഉദ്യോഗസ്ഥന് നാടണയാന്‍ വഴിയൊരുങ്ങി. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയായ തോമസുകുട്ടി ഐസക്ക് (56) നാണ് കാരുണ്യത്തിന്റെ സഹായ ഹസ്തം. യുഎഇ ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ചാരിറ്റി സംഘടനയും സുമനുസ്സുകളും ബാധ്യത തുകയായ 162238 ദിര്‍ഹംസ് (40 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കി സഹായിച്ചു. ഇതോടെ ഇദ്ദേഹത്തിന് കടല്‍ കടന്ന് കുടുംബത്തിലെത്താം. 22 വര്‍ഷത്തോളം ഇന്ത്യന്‍ അതിര്‍ത്തി സേനയില്‍ ജോലി ചെയ്തു വിരമിച്ചതിന് ശേഷമാണ് വിദേശത്തേക്കുപോയത്. 2015ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് യുഎഇ യില്‍ എത്തുന്നത്.

തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ സ്‌ക്രാപിംഗ് കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. വിസ എടുക്കുന്ന സമയത്ത് കമ്പനി ഉടമ വിസാനടപടികള്‍ക്കായുള്ള നിയമപരമായ രേഖകള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് താമസിക്കുവാനായി സജ്ജയിലെ ഫ്‌ലാറ്റിന്റെ വാടക കരാറിലും ഇദ്ദേഹത്തെ ഒപ്പിടിയിക്കുകയായിരുന്നു. കമ്പനിയില്‍ നിന്ന് ജോലിയുപേക്ഷിച്ചു പോയ തോമസുകുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ പേരില്‍ കേസ് ഉണ്ടെന്നും താന്‍ ചതിക്കപ്പെട്ടു എന്നും മനസിലാക്കുന്നത്.

40 ലക്ഷം അടച്ചാലേ കേസില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂവെന്ന അവസ്ഥയായി. പ്രതിസന്ധിയിലായ തോമസുകുട്ടിക്ക് ഷാര്‍ജ വര്‍ഷിപ്പ് സെന്ററിലെ റവറന്‍. ഡോ. വില്‍സണ്‍, ചര്‍ച്ച് ഓഫ് ഗോഡ് യുഎഇ റവറന്‍. ഡോ. കെ ഒ മാത്യു, യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശേരി, യുണൈറ്റഡ് പെന്തകോസ്ത് പെലോഷിപ്പിന്റെ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സുമനസുകളില്‍ നിന്നും യുഎഇ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനയില്‍ നിന്നും സഹായം സ്വീകരിച്ചു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com