മോസ്കോ ആക്രമണം: 11 പേർ പിടിയിൽ, പിന്നിൽ യുക്രൈനെന്ന് റഷ്യ, മുന്നറിയിപ്പ് നൽകിയിരുന്നെന്ന് യുഎസ്

അക്രമികൾക്ക് യുക്രൈനുമായി ബന്ധമുണ്ടെന്നാണ് റഷ്യയുടെ ആരോപണം. ഈ ആരോപണം യുക്രൈൻ തള്ളി.
മോസ്കോ ആക്രമണം: 11 പേർ പിടിയിൽ, പിന്നിൽ യുക്രൈനെന്ന് റഷ്യ, മുന്നറിയിപ്പ് നൽകിയിരുന്നെന്ന് യുഎസ്

മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 115 ആയി. ആക്രമണത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 11 പേരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം നൽകിയ നാല് ​ഗൺമാൻമാരെ അടക്കം അറസ്റ്റ് ചെയ്തെന്നാണ് അന്ത‌ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികൾ സഞ്ചരിച്ച കാർ പിന്തുടർന്നാണ് ബ്രയാങ്ക് മേഖലയിൽ വച്ച് പ്രതികളെ പിടികൂടുന്നത്.

അക്രമികൾക്ക് യുക്രൈനുമായി ബന്ധമുണ്ടെന്നാണ് റഷ്യയുടെ ആരോപണം. പ്രതികൾ റഷ്യ-യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. കൃത്യം നടത്തിയ ശേഷം റഷ്യ - യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു. യുക്രൈനുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് പറഞ്ഞു.

എന്നാൽ റഷ്യയുടെ ആരോപണം തള്ളി യുക്രൈനും രംഗത്തെത്തി. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രൈൻ ഭരണകൂടം വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നിൽ മോസ്കോ ആണെന്നാണ് കീവിൽ നിന്നുള്ള പ്രതികരണം. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മോസ്കോയിലെ വലിയ ആൾക്കൂട്ടത്തിന് നേരെ ആക്രമണം നടത്തുകയും സുരക്ഷിതമായി പിൻവാങ്ങുകയും ചെയ്തുവെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വ്യക്തമാക്കിയത്.

അക്രമികൾ സൈനിക വേഷത്തിലാണ് ഹാളിലേക്കെത്തിയത്. അഞ്ച് അം​ഗസംഘം ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും ​ഗ്രനേഡുകളോ ബോംബുകളോ പ്രയോ​ഗിക്കുകയുമായിരുന്നു. ആളിപ്പടർന്ന തീയണയ്ക്കാനായി മൂന്ന് ഹെലിക്കോപ്റ്ററുകളടക്കമാണ് ഉപയോഗിച്ചത്.

യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, തുടങ്ങിയ ലോക രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. റഷ്യൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തെ ഭീകരമെന്ന് വിശേഷിപ്പിച്ച അമേരിക്ക, യുക്രൈനുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. മോസ്കോയിൽ ആളുകൾ കൂടുന്ന പരിപാടികൾക്ക് നേരെ ആക്രമണമുണ്ടായേക്കാമെന്ന് രണ്ടാഴ്ച മുമ്പ് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും അമേരിക്ക പറഞ്ഞു.

അക്രമികൾ തുടർച്ചയായി വെടിയുതിർത്തെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആറായിരത്തോളം പേർ ഹാളിൽ ഉണ്ടായിരുന്നുവെന്നാണ് നി​ഗമനം. ഇതോടെ രാജ്യത്തുടനീളം നടത്താനിരുന്ന പൊതുപരിപാടികൾ റഷ്യ റദ്ദാക്കി. നൂറിലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

മോസ്കോ ആക്രമണം: 11 പേർ പിടിയിൽ, പിന്നിൽ യുക്രൈനെന്ന് റഷ്യ, മുന്നറിയിപ്പ് നൽകിയിരുന്നെന്ന് യുഎസ്
റഷ്യയില്‍ സംഗീത നിശയ്ക്കിടെ വെടിവെയ്പ്പ്, 60 മരണം; അപലപിച്ച് ഇന്ത്യ, ഒപ്പമെന്ന് മോദി

Related Stories

No stories found.
logo
Reporter Live
www.reporterlive.com