മെസ്സി യഥാർത്ഥ മിശിഹയായി!; ബന്ദിയാക്കിയ വയോധികയെ വെറുതെവിട്ട് ഹമാസ്, വൈറലായി സെല്‍ഫി

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എഴിനായിരുന്നു സംഭവം
മെസ്സി യഥാർത്ഥ മിശിഹയായി!; ബന്ദിയാക്കിയ വയോധികയെ വെറുതെവിട്ട് ഹമാസ്, വൈറലായി സെല്‍ഫി

ജറുസലേം: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നാട്ടുകാരിയാണന്ന് പറഞ്ഞ വയോധികയെ വെറുതെ വിട്ട് ഹമാസ്. അര്‍ജന്റീന സ്വദേശിയായ എസ്തര്‍ കുനിയോ എന്ന 90കാരിയെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതിന് ശേഷം വെറുതെ വിട്ടത്. അവര്‍ക്കൊപ്പം ഒരു സെല്‍ഫിയും എടുത്താണ് ഹമാസ് ഭീകരന്‍ പറഞ്ഞയച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എഴിനായിരുന്നു സംഭവം. ഇസ്രായേലിലെ കിബ്ബത്ത് നിര്‍ ഓസിലുള്ള എസ്തറിന്റെ വീട്ടിലേക്കാണ് ഹമാസ് ഭീകരര്‍ ഇരച്ചുകയറിയത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന എസ്തര്‍ താന്‍ മെസ്സിയുടെ നാട്ടുകാരിയാണെന്ന് അലറിവിളിക്കുകയായിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിലാണ് രസകരമായ വിവരം വെളിപ്പെടുത്തി കുനിയോ രംഗത്തെത്തിയത്.

'ഒക്ടോബര്‍ ഏഴിന് രണ്ട് ഭീകരര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. മുഖം മറച്ച് കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമികള്‍ എന്നെയും കുടുംബത്തെയും ബന്ദികളാക്കി. ഭയം ഉള്ളിലൊതുക്കി ഞാന്‍ അവരോട് ചോദിച്ചു, നിങ്ങള്‍ ഫുട്‌ബോള്‍ കാണാറുണ്ടോ? അതില്‍ ഒരാള്‍ തലയാട്ടി. ഉടനെ ഞാന്‍ വിളിച്ചുപറഞ്ഞു. ഞാന്‍ ലയണല്‍ മെസ്സിയുടെ നാട്ടില്‍ നിന്നാണ് വരുന്നത്', എസ്തര്‍ ഡോക്യുമെന്ററിയില്‍ പറയുന്നു.

'എനിക്ക് മെസ്സിയെ ഇഷ്ടമാണ്', ഭീകരരില്‍ ഒരാള്‍ പറഞ്ഞുവെന്നും എസ്തര്‍ വെളിപ്പെടുത്തി. മെസ്സിയുടെ പേരുപറഞ്ഞതും തന്നെ വെറുതെ വിടുകയായിരുന്നുവെന്നും കൂടെനിന്ന് സെല്‍ഫി എടുത്തെന്നും എസ്തര്‍ പറഞ്ഞു. ഭീകരന്റെ അരികില്‍ റൈഫിളും വിക്ടറി ചിഹ്നവും പിടിച്ച് പോസ് ചെയ്ത് നില്‍ക്കുന്ന എസ്തറിന്റെ ചിത്രം ഇപ്പോള്‍ വൈറലാണ്. ഭീകരരുടെ കൈയില്‍ നിന്നും താന്‍ രക്ഷപ്പെട്ടത് മെസ്സി കാരണമാണെന്ന് അദ്ദേഹം അറിയണമെന്നും എസ്തര്‍ ഡോക്യുമെന്ററിയില്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com