ബിസിനസ് മൂല്യം പെരുപ്പിച്ചു കാണിച്ച് തട്ടിപ്പ്, 350 മില്യൺ ഡോളർ പിഴ; ട്രംപിന് തിരിച്ചടി

രാഷ്ട്രീയ വേട്ടയാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ട്രംപ്
ബിസിനസ് മൂല്യം പെരുപ്പിച്ചു കാണിച്ച് തട്ടിപ്പ്, 350 മില്യൺ ഡോളർ പിഴ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ബിസിനസ് മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസിൽ 354.9 മില്യൺ ഡോളർ പിഴയായി നൽകണമെന്ന് ന്യൂയോർക്ക് കോടതി വിധിച്ചു. മൂന്നുവർഷത്തേക്ക് കമ്പനി ഓഫിസറായോ ഡയറക്ടറായോ പ്രവർത്തിക്കാനും ട്രംപിന് വിലക്കുണ്ട്. ട്രംപിന്റെ മക്കളായ ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവർ നാലു മില്യൺ വീതം പിഴ അടയ്ക്കണം.

ഇരുവർക്കും രണ്ടുവർഷത്തേക്ക് കമ്പനി ഡയറക്ടറായി പ്രവർത്തിക്കാൻ കഴിയില്ല. രാഷ്ട്രീയ വേട്ടയാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ട്രംപ് അറിയിച്ചു. മൂന്ന് മാസത്തോളം നീണ്ട കോടതി നടപടികൾക്കൊടുവിലാണ് ജഡ്‌ജ് ആർതർ എങ്കറോൺ ട്രംപിനെതിരെ വിധി പ്രസ്താവം നടത്തിയത്. വർഷങ്ങളോളം വഞ്ചനാപരമായ നടപടികൾ ട്രംപ് ചെയ്തതായി ട്രംപിനെതിരെ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് വാദിച്ചു.

വിചാരണ ആരംഭിക്കുന്നതിന് മുമ്പുതന്നെ ട്രംപിൻ്റെ സാമ്പത്തിക മൂല്യങ്ങൾ വഞ്ചനാപരമാണെന്ന് ജെയിംസ് തെളിയിച്ചതായി എങ്കറോൺ വിധിച്ചു. ട്രംപിൻ്റെ ചില കമ്പനികൾ അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിൽ നിന്ന് നീക്കം ചെയ്യാനും പിരിച്ചുവിടാനും ജഡ്ജി ഉത്തരവിട്ടു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനായി പ്രചാരണം നടത്തുന്ന ട്രംപിന് തലവേദനയായിരിക്കുകയാണ്‌ ഈ കേസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com