യുക്രേനിയൻ നഗരങ്ങളിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

റഷ്യൻ സൈന്യം 41 മിസൈലുകൾ തൊടുത്തുവിട്ടു, അവയിൽ 21 എണ്ണം യുക്രേനിയൻ സൈന്യം തകർത്തു
യുക്രേനിയൻ നഗരങ്ങളിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലുമായി ഏഴ് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ അപ്പാർട്ട്മെൻ്റ് ബ്ലോക്കുകൾക്ക് തീപിടിക്കുകയും തകരുകയും ചെയ്തിട്ടുണ്ട്. റഷ്യൻ അതിർത്തിയോട് ചേർന്ന ഉക്രെയ്നിലെ രണ്ടാമത്തെ നഗരമായ ഖാർകിവിലെ കത്തിപുകയുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആളുകളെ രക്ഷപെടുത്തുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആറ് ഖാർകിവ് നിവാസികൾ കൊല്ലപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ ഗവർണറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കേറ്റ 27 പേരെ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രക്ഷപെടുത്തിയതായി യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഗോർ ക്ലൈമെൻകോ വ്യക്തമാക്കി. റഷ്യൻ സൈന്യം 41 മിസൈലുകൾ തൊടുത്തുവിട്ടതായും അവയിൽ 21 എണ്ണം യുക്രേനിയൻ സൈന്യം തകർത്തതായും സൈനിക മേധാവി വലേരി സലുഷ്നി പറഞ്ഞു. റഷ്യൻ ആക്രമണത്തെ ബോധപൂർവമായ ഭീകരതയുടെ ഉദാഹരണമെന്നാണ് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വിശേഷിപ്പിച്ചത്. യുക്രെയ്നുള്ള അമേരിക്കയുടെ പിന്തുണ ഇരട്ടിയാക്കണമെന്നാണ് ആക്രമണങ്ങൾ നൽകുന്ന സൂചനയെന്നായിരുന്നു ഉക്രെയ്നിലെ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്കിൻ്റെ പ്രതികരണം.

യുക്രെയ്നിലെ ആയുധ നിർമ്മാണ കേന്ദ്രങ്ങളിൽ ദീർഘദൂര മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റഷ്യ വ്യക്തമാക്കി. ഇതിനിടെ സിവിലയൻമാരെ ആക്രമിച്ചുവെന്ന ആരോപണം റഷ്യൻ സൈന്യം നിഷേധിച്ചു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇതിനകം പതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ചുരുങ്ങിയത് 10,200 സിവിലിയന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 575 കുട്ടികൾ ഉൾപ്പെടെ 19,300 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com