ബലൂചിസ്താന്‍ അതിര്‍ത്തിയിലെ സൈനിക നടപടി; സംഘർഷാവസ്ഥ ലഘൂകരിക്കാൻ ധാരണയിലെത്തി ഇറാനും പാകിസ്താനും

പാകിസ്താന്‍ വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ധാരണ
ബലൂചിസ്താന്‍ അതിര്‍ത്തിയിലെ സൈനിക നടപടി; സംഘർഷാവസ്ഥ ലഘൂകരിക്കാൻ ധാരണയിലെത്തി ഇറാനും പാകിസ്താനും

ഇസ്ലാമബാദ്: ബലൂചിസ്താന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ സൈനിക നടപടികള്‍ക്ക് പിന്നാലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ പാകിസ്താനും ഇറാനും തമ്മില്‍ ധാരണയിലെത്തി. തീവ്രവാദികളെ തുരത്താനുള്ള നടപടികളുടെ ഭാഗമായി ഇരുരാജ്യങ്ങളും അതിര്‍ത്തി കടന്ന നടത്തിയ സൈനിക നടപടികള്‍ മേഖലയില്‍ സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനും പാകിസ്താനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷം ആശങ്കസൃഷ്ടിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നു എന്ന പേരിൽ ഇറാന്‍ പാകിസ്താനില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഇതിന് മറുപടിയെന്ന വണ്ണം പാകിസ്താന്‍ ഇറാനിലെ ഭീകരവാദ കേന്ദ്രങ്ങളിലും പ്രത്യാക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്രബന്ധം വഷളായിരുന്നു. അംബാസിഡര്‍മാരെ അടക്കം തിരിച്ച് വിളിക്കുന്ന നിലയിലേയ്ക്ക് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആശങ്ക വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചൈന അറിയിച്ചിരുന്നു.

ഇതിനിടെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് പ്രദേശത്തെ സംഘര്‍ഷാവസ്ഥയില്‍ ശമനമുണ്ടായിരിക്കുന്നത്. 'പ്രാദേശിക സമഗ്രതയോടും പരമാധികാരത്തോടുമുള്ള ബഹുമാനം പരസ്പര സഹകരണത്തില്‍ അടിവരയിടണമെന്നായിരുന്നു വിഷയത്തില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com