മകളുടെ പരാമർശത്തിൽ നിരാശനാണ്; ഇസ്രയേലിനെ പിന്തുണച്ച് ആഞ്ജലീന ജോളിയുടെ പിതാവ്

'വിഡ്ഢികളേ, ഇസ്രായേൽ ആണ് പ്രശ്നം എന്ന് നിങ്ങൾ പറയുന്നു?. നിങ്ങൾ നിങ്ങളെത്തന്നെ നോക്കി ഇങ്ങനെ ചോദിക്കണം ‘ഞാൻ ആരാണ്?, ഞാൻ എന്താണ്?'
മകളുടെ പരാമർശത്തിൽ നിരാശനാണ്; ഇസ്രയേലിനെ പിന്തുണച്ച് ആഞ്ജലീന ജോളിയുടെ പിതാവ്

വാഷിങ്ടൺ: ​ഗാസ കൂട്ടക്കുഴിമാടമായെന്ന ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ പരാമർശത്തിൽ നീരസം പ്രകടിപ്പിച്ച് ന‌ടനും ആഞ്ജലീന ജോളിയുടെ പിതാവുമായ ജോൺ വോയ്‌റ്റ്. മകളുടെ കാര്യത്തിൽ താന്‍ വളരെയധികം നിരാശനാണ്. മറ്റുളളവരെ പോലെ തന്റെ മകൾക്കും ദൈവത്തിന്റെ മഹത്വത്തെ കുറിച്ചോ സത്യങ്ങളെ കുറിച്ചോ യാതൊരു ധാരണയുമില്ലെന്ന് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജോൺ വോയ്റ്റ് പറഞ്ഞു.

'പുണ്യഭൂമിയായ, ജൂതന്മാരുടെ ഭൂമിയായ, ദൈവത്തിന്റെ നാടിന്റെ ചരിത്രത്തിന്റെ നാശമാണ് ഇവിടെ വിഷയം. ഇസ്രയേൽ സൈന്യം ഇസ്രയേലിന്റേയും അവിടുത്തെ ജനങ്ങളുടേയും ഭൂമി സംരക്ഷിക്കുകയാണ്. ഇതൊരു യുദ്ധമാണ്. അത് ഇടതുപക്ഷം വിചാരിക്കുന്നതുപോലെയാകില്ല, സാംസ്കാരികമാകില്ല. മനുഷ്യത്വരഹിതമായ ഭീകരത, നിരപരാധികളായ കുട്ടികൾ, അമ്മമാർ, അച്ഛൻമാർ, മുത്തശ്ശിമാർ, എന്നിവരിലൂടെയാണ് ഇസ്രായേൽ ആക്രമിക്കപ്പെട്ടത്. പക്ഷേ, വിഡ്ഢികളേ, ഇസ്രായേൽ ആണ് പ്രശ്നം എന്ന് നിങ്ങൾ പറയുന്നു?. നിങ്ങൾ നിങ്ങളെത്തന്നെ നോക്കി ഇങ്ങനെ ചോദിക്കണം ‘ഞാൻ ആരാണ്?, ഞാൻ എന്താണ്?,' ജോൺ വോയ്റ്റ് വീഡിയോയിലൂടെ പറഞ്ഞു.

നമുക്കെല്ലാവർക്കും നീതിയും സ്നേഹവും വേണം. എന്നാൽ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ ആഗ്രഹിക്കുന്ന ഈ മൃഗങ്ങളിൽ ഇത് സംഭവിക്കില്ല. ഇസ്രായേൽ നിരപരാധികളെ കൊല്ലുന്നു എന്നത് ഒരു നുണയാണ്. പക്ഷേ അവർക്കെല്ലാം പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. പലസ്തീൻ മണ്ണിലെ കുട്ടികളെ ഈ മൃഗങ്ങൾ ചൂഷണം ചെയ്യുന്നുവെന്നും ഹമാസിനെ പരാമർശിച്ചുകൊണ്ട് ജോൺ വോയ്റ്റ് പറഞ്ഞു. ബെഞ്ചമിൻ നെതന്യാഹുവിനേയും ഇസ്രയേലിനേയും പിന്തുണയ്ക്കുന്ന ജോൺ വോയ്റ്റ് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗമാണ്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ അഭിഭാഷകനുമായിരുന്നു ജോൺ വോയ്റ്റ്.

ഗാസ ഒരു കൂട്ടക്കുഴിമാടമായി മാറുകയാണെന്നായിരുന്നു ആഞ്ജലീന ജോളിയുടെ പരാമർശം. ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ജബലിയയിൽ നടന്ന വ്യോമാക്രമണത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയില്ലാതെ ഗാസയിലെ ജനം നേരിടുന്ന ഭയാനകമായ സാഹചര്യവും അവർ തുറന്നുകാട്ടി.

മകളുടെ പരാമർശത്തിൽ നിരാശനാണ്; ഇസ്രയേലിനെ പിന്തുണച്ച് ആഞ്ജലീന ജോളിയുടെ പിതാവ്
ഗാസ ഒരു കൂട്ടക്കുഴിമാടമായി മാറുന്നു, ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിൽ പങ്കാളികളാവുന്നു: ആഞ്ജലീന ജോളി

'രണ്ട് ദശാബ്ദത്തോളമായി ഒരു തുറന്ന ജയിലായി തുടരുന്ന ഗാസ അതിവേഗം ഒരു കൂട്ടക്കുഴിമാടമായി മാറുകയാണ്. കൊല്ലപ്പെട്ടവരിൽ 40 ശതമാനവും നിരപരാധികളായ കുട്ടികളാണ്. മുഴുവൻ കുടുംബങ്ങളും കൊല്ലപ്പെടുന്നു. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പലസ്തീനികൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വമില്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, മാനുഷിക സഹായമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ ക്രൂരത. വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്‍റെ പങ്കാളികളാവുകയാണ്', ആഞ്ജലീന കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com