ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണം; മരണം 195 ആയി; ഒറ്റപ്പെട്ട് ഗാസ

പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്
ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണം; മരണം 195 ആയി; ഒറ്റപ്പെട്ട് ഗാസ

ഗാസ: ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ മരണം 195 ആയി. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 120 പേരെ കാണാതായതായും വിവരമുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു തവണയാണ് ക്യാമ്പിൽ ആക്രമണമുണ്ടായത്. ആക്രമണം യുദ്ധക്കുറ്റമാണെന്ന് യു എൻ ഹൈക്കമ്മീഷണർ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്ക ആശുപത്രികളുടെയും പ്രവർത്തനം നിലച്ച സ്ഥിതിയാണുള്ളത്. ഇന്ധനമില്ലാത്തതിനാൽ പ്രവർത്തനം നിലച്ച ഗാസയിലെ ഏക ക്യാൻസർ ആശുപത്രിയായ ടർക്കിഷ് - പലസ്തീൻ ഫ്രണ്ട് ഷിപ്പ് ആശുപത്രി അടച്ചു. അൽ ശിഫ ആശുപത്രിയുടെ പ്രവർത്തനം ഉടൻ നിലയ്ക്കുമെന്ന അവസ്ഥയിലാണ്. ആശുപത്രികളിൽ ഓക്സിജൻ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്.

മോർച്ചറികൾ പ്രവർത്തിപ്പിക്കാനാകുന്നില്ല. ജബലിയക്ക് സമീപത്തെ ഇന്തോനേഷ്യൻ ആശുപത്രിയിലും സ്ഥിതി ഗുരുതരമാണ്. ഇവിടെ വെൻറിലേറ്റർ ഉൾപ്പെടെ നിലച്ചു. അൽ ഹെലു ആശുപത്രിയിലെ പ്രസവ വാർഡിൽ ആക്രമണമുണ്ടായി. കര-വ്യോമ മാർഗം ആക്രമണം രൂക്ഷമാവുകയാണ്. വടക്കൻ ഗാസയിൽ 16 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ വ്യക്തമാക്കി.

റഫ അതിർത്തി വഴി പരിക്കേറ്റവർ ഈജിപ്തിലെത്തുന്നുണ്ട്. അതിർത്തിയിൽ മെഡിക്കൽ സംഘത്തിൻ്റെ പരിശോധന ശക്തമാക്കി. അടിയന്തര ചികിത്സ വേണ്ടവരെയാണ് കടത്തിവിടുന്നത്. ഈജിപ്തിലെ ആശുപത്രികളിൽ കൂടുതൽ ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗാസയിൽ ഇൻ്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. മൊബൈൽ ബന്ധം നിലച്ചതിനാൽ പ്രവർത്തകരെ ബന്ധപ്പെടാനാകുന്നില്ലെന്ന് സന്നദ്ധ സംഘടനകൾ പറഞ്ഞു. ആക്രമണങ്ങളിൽ ഇതുവരെ 8796 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 3648 പേർ കുട്ടികളാണ്. വടക്കൻ ഗാസയിലും ഗാസ നഗരത്തിലും ശക്തമായ ആക്രമണം തുടരുകയാണ്.

ജബലിയ ആക്രമണം ഭീതിതമെന്ന് യൂണിസെഫ് വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും യൂണിസെഫ് അഭ്യർത്ഥിച്ചു. അതേസമയം, ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ അൽ സൗദും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ച നടത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com