യുദ്ധം തുടരുന്നു; ​ഗാസയിൽ മരണം 8000 കവിഞ്ഞു, അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞു

യുദ്ധം തുടരുന്നു; ​ഗാസയിൽ മരണം 8000 കവിഞ്ഞു, അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞു

അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ഐക്യരാഷ്ട്ര സഭയുടെ സംഭരണശാലകൾ ജനം അതിക്രമിച്ചുകയറി സാധനങ്ങൾ എടുത്തുകൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.

​ഗാസ സിറ്റി: യുദ്ധം രൂക്ഷമായ ​ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ​8000 ആളുകൾ കൊല്ലപ്പെട്ടതായി ​ഗാസ ആരോ​ഗ്യമന്ത്രാലയം. ഇസ്രയേലിൽ 1400 ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഹമാസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ​ഗാസയിലെ അൽ ഖുദ്സ് ആശുപത്രിക്ക് സമീപം ഉ​ഗ്ര സ്ഫോടനം നടന്നു. ആശുപത്രി ഒഴിപ്പിക്കണമെന്നാണ് ഇസ്രയേൽ ആവശ്യം. എന്നാൽ ഇത് അപ്രായോ​ഗികമെന്ന് ലോകാരോ​ഗ്യസംഘടന പറഞ്ഞു. ലെബനാൻ അതിർത്തിയിൽ ഹിസ്ബുളള കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.

അവശ്യവസ്തുക്കളുമായി മൂന്ന് ഡസനോളം ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ഐക്യരാഷ്ട്ര സഭയുടെ സംഭരണശാലകൾ ജനം അതിക്രമിച്ചുകയറി സാധനങ്ങൾ എടുത്തുകൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. ഖാൻ യൂനിസ്, ദൈർ അൽ ബല, ​ഗാസ സിറ്റി തുടങ്ങി നാലിടങ്ങളിലെ അവശ്യവസ്തു സൂക്ഷിപ്പുകേന്ദ്രങ്ങളിൽ കടന്നുകയറിയ ആയിരങ്ങൾ വിതരണത്തിനായുളള ധാന്യപ്പൊടിയുൾപ്പെടെയുളളവ ചാക്കോടെ എടുത്തുകൊണ്ടുപോയെന്നാണ് റിപ്പോർ‌ട്ട്.

യുദ്ധം തുടങ്ങുന്നതിന് മുമ്പും ശേഷവും ​ഗാസയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നത് പാലസ്തീൻ കാര്യങ്ങൾക്കുളള ഉന്റ എന്ന യുഎൻ ഏജൻസിയാണ്. യുദ്ധം തുടങ്ങിയ ശേഷം ഈജിപ്ത് വഴി ​ഗാസയിലെത്തിയ അവശ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടങ്ങളിലേക്കാണ് ജനങ്ങൾ ഇടിച്ചുകയറിയതെന്ന് ഉന്റ വക്താവ് ജൂലിയറ്റ് ടൗമ പറഞ്ഞു. ഈ മാസം 20ന് ആണ് ഈജിപ്തിൽ നിന്ന് ആദ്യ ട്രക്കുകൾ ​ഗാസയിലെത്തിയത്. ഒരാഴ്ചകൊണ്ട് 84 ലോറി സാധനങ്ങൾ മാത്രമാണ് ​ഗാസയ്ക്ക് ലഭിച്ചത്.

അടിയന്തര വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലുമായും അറബ് രാജ്യങ്ങളുമായും ചർച്ച നടത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com