18 ​ദിവസത്തിനിടെ ​ഗാസയിൽ കൊല്ലപ്പെട്ടത് 2,360 കുട്ടികൾ; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

പരിക്കേറ്റവർ 5,364, പേര്‍. അടിയന്തര വെടിനിർത്തലിന് യുണിസെഫ് ആഹ്വാനം
18 ​ദിവസത്തിനിടെ ​ഗാസയിൽ കൊല്ലപ്പെട്ടത് 2,360 കുട്ടികൾ; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

​ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ ​ഗാസയിൽ ഇതുവരെ 2,360 കുട്ടികൾ മരണപ്പെട്ടതായി യുണിസെഫ്. സംഘർഷം ആരംഭിച്ച് 18 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ ​ഗാസയിൽ കൊല്ലപ്പെട്ടത്. മിസൈലാക്രമണത്തിലും ബോംബാക്രമണത്തിലും 5,364 ഓളം കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് നേരെയുളള ക്രൂരതയിൽ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി.

400ൽ അധികം കുട്ടികൾ ദിവസേന കൊല്ലപ്പെ‌ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ മുപ്പതോളം ഇസ്രയേലി കുട്ടികൾക്കും ജീവൻ നഷ്ടമായി. ഡസൻ കണക്കിന് ആളുകൾ ഗാസ മുനമ്പിൽ തടവിൽ കഴിയുന്നു. 2006 മുതൽ യുഎൻ സാക്ഷ്യം വഹിച്ചിട്ടുള്ള, ഗാസ മുനമ്പിലെയും ഇസ്രയേലിലെയും ശത്രുതയുടെ ഏറ്റവും മാരകമായ വർദ്ധനയാണ് 18 ദിവസമെന്ന ഈ കാലയളവിലുണ്ടായിട്ടുള്ളതെന്നും യുണിസെഫ് പറഞ്ഞു.

​ഗാസ മുനമ്പിലെ കുട്ടികൾ ഭക്ഷണവും വെളളവും മരുന്നും ലഭിക്കാതെ വലയുകയാണ്. 'കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതുമായ കുട്ടികൾ, കുട്ടികളെ കടത്തികൊണ്ടുപോകൽ, സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുളള ആക്രമണം, മാനുഷിക സഹായം ലഭിക്കാതിരിക്കൽ എന്നിവ കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്,' യുണിസെഫ് മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ പറഞ്ഞു.

എല്ലാ രാജ്യങ്ങളോടും അടിയന്തര വെടിനിർത്തലിന് സമ്മതിക്കാൻ അഭ്യർത്ഥിക്കുകയാണ്. മാനുഷിക സഹായം എത്തിക്കാനും അനുവദിക്കണം, എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും വേണം. യുദ്ധങ്ങൾക്ക് പോലും നിയമങ്ങളുണ്ട്. സിവിലിയന്മാർ സംരക്ഷിക്കപ്പെടണം. പ്രത്യേകിച്ച് കുട്ടികൾ. എല്ലാ സാഹചര്യങ്ങളിലും അവരെ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും യുണിസെഫ് പറഞ്ഞു.

ഗാസ മുനമ്പിലെ കുട്ടികളുടെ ദാരുണമായ സാഹചര്യത്തോട് പ്രതികരിക്കാൻ യുണിസെഫ് ലോകത്തോട് ആവശ്യപ്പെടുകയാണ്. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണം, വെളളം, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിന് അടച്ചിട്ട ഭാഗങ്ങൾ തുറന്നുകൊടുക്കണം, ഗാസയിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണം, സിവിലിയൻമാരുടെയും കുട്ടികളുടെയും ജീവൻ നഷ്ടപ്പെടാതിരിക്കാനും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും രോഗികൾക്കും പരിക്കേറ്റവർക്കും പരിചരണം നൽകണമെന്നും യുണിസെഫ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com