ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 30 ലേറെ പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കുട്ടികളും

ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിരവധി പേ‍ർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 30 ലേറെ പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കുട്ടികളും

ടെൽ അവീവ്: ​ഗാസയിൽ വ്യോമാക്രമണം തുട‍ർന്ന് ഇസ്രയേൽ. കഴിഞ്ഞ രാത്രിയിൽ വടക്കൻ ഗാസയിൽ അഭയാർത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ​ഗാസയിലുണ്ടായ ആക്രമണത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റുവെന്നും ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിരവധി പേ‍ർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണം 400 കടന്നതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. രണ്ടാഴ്ചയായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ 4600 ഓളം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ 1400 പേ‍ര്‍ കൊല്ലപ്പെട്ടതായും 212 പേരെ ​ഗാസയിൽ ബന്ദികളാക്കിയതായും റിപ്പോ‍ർട്ടുകൾ പറയുന്നു. ​

തുട‍ർച്ചയായുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലെ ആശുപത്രികൾ ഭീഷണിയിലാണ്. വൈദ്യുതി, വെള്ളം, മറ്റ് അവശ്യ മെഡിക്കൽ വസ്തുക്കളും ലഭ്യമാകാതെ വന്നതോടെ ഗാസയിലെ ഏകദേശം 30 ആശുപത്രികളിൽ ഏഴെണ്ണം അടച്ചുപൂട്ടി. മറ്റ് ആശുപത്രികളിലും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് മറ്റ് ആശുപത്രികളിലെ ഡോക്‌ടർമാരും പറയുന്നത്. ഇൻകുബേറ്ററുകളുടെ പ്രവർത്തനം നിലച്ചതോടെ 120 നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിലാണ്.

കൈവശമുള്ള ഇന്ധനം വരുന്ന 48 മണിക്കൂറിനുള്ളിൽ തീരുമെന്ന് വടക്കൻ ​ഗാസയിലെ അൽ ഷിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സൽമിയ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള സഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ നിന്ന് രോ​ഗികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ ഇസ്രയേൽ ഇന്ന് പുല‍ർച്ചെ ലെബനനിലും വ്യോമാക്രമണം നടത്തി. ലെബനൻ സായുധ സംഘടനയായ ഹിസബുള്ളയുടെ രണ്ട് പോസ്റ്റുകൾ തക‍ർത്തതായി ഇസ്രയേൽ പറഞ്ഞു. ഒരു ഹിസബുള്ള അനുകൂല പ്രവർത്തകൻ കൊല്ലപ്പെട്ടതായി സംഘടന വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികനും കൊല്ലപ്പെട്ടു.

പശ്ചിമേഷ്യയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി ചൈന രം​ഗത്തെത്തി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകാമെന്ന് ചൈന അറിയിച്ചു. അറബ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ചൈന ചർച്ചക്ക് മധ്യസ്ഥ സന്നദ്ധത അറിയിച്ചത്.

ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഹമാസിനെതിരെ ഇസ്രയേലിനൊപ്പമാണെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. ഇത് സംബന്ധിച്ച് അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി.

ഇസ്രയേൽ, ഗാസയിൽ നടത്തുന്ന ആക്രമണം നിർത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇനിയും ആക്രമണം തുട‍ർന്നാൽ നിയന്ത്രണാതീതമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാ‍‍ർപ്പാപ്പയും രം​ഗത്തെത്തി. പശ്ചിമേഷ്യയിൽ ആക്രമണം നിർത്തണം, സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യം സംബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു.

സഹായവുമായി ഇതുവരെ 34 ട്രക്കുകൾ അതിർത്തികടന്ന് ഗാസയിലെത്തി. സഹായം തികയാത്ത അവസ്ഥയാണ് ​ഗാസയിൽ നിലവിലുള്ളതെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ദിവസം 100 ട്രക്കുകൾ അയക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ​ഗാസയിലേക്ക് യുഎൻ ലോക രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. കൂടുതൽ രാജ്യങ്ങൾ സഹായം എത്തിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 30 ലേറെ പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കുട്ടികളും
ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 30 ലേറെ പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കുട്ടികളും
ഗാസയിലേക്ക് ഈജിപ്തിൽ നിന്ന് സഹായ ഇടനാഴി തുറക്കാൻ ധാരണ: സഹായം എത്തിക്കുന്നത് തടയില്ലെന്ന് ഇസ്രയേൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com