ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അടിയന്തര ഇടപെടൽ വേണം; പരസ്പരം ചർച്ച ചെയ്ത് യുഎഇ, അമേരിക്കൻ പ്രസിഡന്റുമാർ

അന്താരാഷ്ട സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടികാട്ടി
ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അടിയന്തര ഇടപെടൽ വേണം; പരസ്പരം ചർച്ച ചെയ്ത് യുഎഇ, അമേരിക്കൻ പ്രസിഡന്റുമാർ

അബുദാബി: ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സാദിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളിലെയും സാഹചര്യം ഇരുവരും വിലയിരുത്തി. യുദ്ധം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഇരു രാഷ്ട്ര തലവന്‍മാരും ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടികാട്ടി.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും ഷേയ്ഖ് മുഹമ്മദും ജോ ബൈഡനും അഭിപ്രായപ്പെട്ടു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് മാനുഷിക സഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും വിലയിരുത്തി. ഇതിനായി സുരക്ഷിത ഇടനാഴി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തു.

അതേ സമയം സൗദി കീരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും ഫെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായും ഇന്ന് ചര്‍ച്ച നടത്തി. നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷടമാകുന്ന സൈനിക നടപടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത കിരീടാവകാശി ചൂണ്ടികാട്ടി.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടല്‍ ആവശ്യമാണ്. പലസ്തീന്‍ ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com