പകർപ്പവകാശ നിയമങ്ങളിൽ ഓപ്പൺ എഐക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ന്യൂയോർക്ക് ടൈംസ്

ആരെങ്കിലും ഓണ്‍ലൈനില്‍ തിരഞ്ഞാല്‍, ന്യൂയോര്‍ക്ക് ടൈസിന്റെ റിപ്പോര്‍ട്ടിംഗില്‍ നിന്ന് പുനര്‍രൂപകല്‍പ്പന ചെയ്ത ഒരു ഉത്തരം ഉപയോക്താവിന് ലഭിച്ചേക്കാമെന്നതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ആശങ്ക
പകർപ്പവകാശ നിയമങ്ങളിൽ ഓപ്പൺ എഐക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ന്യൂയോർക്ക് ടൈംസ്

ന്യൂയോർക്ക്: പകര്‍പ്പവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട് ഓപ്പണ്‍ എഐക്കെതിരെ നിയമടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ബൗദ്ധികസ്വത്തവകാശ നിയമം സംരക്ഷിക്കുന്നതിനായി ഓപ്പണ്‍ എഐക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് കേസ് കൊടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ചാറ്റ് ജിപിറ്റി മറുപടി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ചാറ്റ് ജിപിറ്റി തങ്ങളുടെ എതിരാളികളായി മാറുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഭയക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരെങ്കിലും ഓണ്‍ലൈനില്‍ തിരഞ്ഞാല്‍, ന്യൂയോര്‍ക്ക് ടൈസിന്റെ റിപ്പോര്‍ട്ടിംഗില്‍ നിന്ന് പുനര്‍രൂപകല്‍പ്പന ചെയ്ത ഒരു ഉത്തരം ഉപയോക്താവിന് ലഭിച്ചേക്കാമെന്നതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ആശങ്ക. അത്തരം സാഹചര്യത്തില്‍, ഉപയോക്താവിന്റെ ആവശ്യകത നിറവേറ്റുകയും ടൈംസിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയുകയും ചെയ്യുന്നു.

ന്യൂയോര്‍ക്ക് ടൈംസിന്റെ സ്‌റ്റോറികള്‍ എഐ ടൂളുകളില്‍ ഉള്‍പ്പെടുത്തത് സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബൗദ്ധികസ്വത്തവകാശം ഉപയോഗിക്കുന്നതിന് എഐ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സിങ്ങ് ധാരണ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയമനടപടികളുമായി ന്യൂയോര്‍ക്ക് ടൈംസ് മുന്നോട്ട് പോയാല്‍ അത് നിര്‍മ്മിത ബുദ്ധിയുടെ കാലത്തെ പകര്‍പ്പവകാശ സംരക്ഷത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ മൈക്രോസോഫ്റ്റ് ഓപ്പണ്‍ ഐഐയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com