ആണവശേഷിയുള്ള മിസൈലുകള്‍ അണിനിരന്ന ഉത്തര കൊറിയന്‍ പരേഡ്; സാക്ഷിയായി ചൈനീസ്-റഷ്യന്‍ സംഘം

വ്യാഴാഴ്ച രാത്രിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം ലി ഹോങ്‌ഷോങ്, റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു എന്നിവര്‍ക്കൊപ്പം കിം ജോങ് ഉന്‍ പരേഡിന് സാക്ഷ്യം വഹിച്ചത്
ആണവശേഷിയുള്ള മിസൈലുകള്‍ അണിനിരന്ന ഉത്തര കൊറിയന്‍ പരേഡ്; 
സാക്ഷിയായി ചൈനീസ്-റഷ്യന്‍ സംഘം

പോംഗ്യാങ്: സൈനിക പരേഡില്‍ റഷ്യന്‍, ചൈനീസ് പ്രതിനിധികളോടൊപ്പം വേദിപങ്കിട്ട് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കൊറിയന്‍ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായാണ് പരേഡ് സംഘടിപ്പിച്ചത്. 'വിക്ടറി ഡേ' ആയാണ് ഉത്തരകൊറിയ ഈ ദിവസം ആചരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം ലി ഹോങ്‌ഷോങ്, റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു എന്നിവര്‍ക്കൊപ്പം കിം ജോങ് ഉന്‍ പരേഡിന് സാക്ഷ്യം വഹിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

അണ്വായുധ ശേഷിയുള്ള മിസൈലുകളും പുതിയ അക്രമണ ഡ്രോണുകളും അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ അണിനിരത്തിയുള്ള സൈനിക പരേഡാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പോംഗ്യാങില്‍ നടന്നത്. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും പരേഡില്‍ പങ്കെടുക്കാനായി എത്തിയ പ്രതിനിധി സംഘം കൊവിഡ് 19 മഹാമാരിയ്ക്ക് ശേഷം ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉന്നതതല വിദേശപ്രതിനിധി സംഘമാണ്.

റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി നിരോധിച്ച ആണവ മിസൈലുകളാണ് പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. നേരത്തെ മോസ്‌കോയും ബെയ്ജിംഗും ഉത്തരകൊറിയയുടെ ആണവായുധ-ബാലസ്റ്റിക് മിസൈല്‍ പദ്ധതികളോട് അകലം പാലിച്ചിരുന്നു. ഈ നിലപാടിന് വിരുദ്ധമാണ് ഇരുരാജ്യങ്ങളുടെയും ഇത്തരം ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച പരേഡില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലുകളായ ഹ്വാസോംഗ്-17, ഹ്വാസോംഗ്-18 എന്നിവ പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതായാണ് ഉത്തരകൊറിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നത്. അമേരിക്കയില്‍ എവിടെ എത്താന്‍ ശേഷിയുള്ളതാണ് ഈ ഭൂഖണ്ഡാന്തര മിസൈലുകള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com