ഇസ്രയേലിൽ ജുഡീഷ്യറിയുടെ അധികാരം വെട്ടിച്ചുരുക്കാൻ നീക്കം; നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം

ജഡ്ജിമാരുടെ നിയമനത്തിൽ പാർലമെന്റിന്റെ ‌ഇടപെടൽ ശക്തമാക്കും
ഇസ്രയേലിൽ ജുഡീഷ്യറിയുടെ അധികാരം വെട്ടിച്ചുരുക്കാൻ നീക്കം; നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജുഡീഷ്യൽ പരിഷ്കരണ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ മാർച്ചിൽ വൻ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു. ഞായറാഴ്ച വീണ്ടും സഭ ഇക്കാര്യം ചർച്ചയ്ക്കെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. തിങ്കളാഴ്ച വോട്ടിനിട്ട് നിയമം പാസാക്കിയെടുക്കാനാണ് തീരുമാനം. പാർലമെന്റ് നടപടികളിൽ ജുഡീഷ്യറിയുടെ ഇടപെടൽ അവസാനിപ്പിക്കാൻ ലക്ഷ്യംവെച്ചുളള നെതന്യാഹുവിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ടെൽ അവീവിലും ജെറുസലേമിലും ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്.

ജുഡീഷ്യറിയുടെ അധികാരപരിധി വെട്ടിച്ചുരുക്കി ഏകാധിപത്യത്തിലേക്ക് പോവാനാണ് നെതന്യാഹുവിന്റെ നീക്കം. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ചും ജഡ്ജിമാരുടെ നിയമനത്തിൽ പാർലമെന്റിന്റെ ‌ഇടപെടൽ ശക്തമാക്കിയുമാണ് ജുഡീഷ്യൽ പരിഷ്കാരം നടപ്പിലാക്കാൻ നെതന്യാഹു ലക്ഷ്യംവെക്കുന്നത്. എന്ത് വിലകൊടുത്തും പരിഷ്കരണം നടപ്പാക്കുമെന്ന് പറയുന്ന സർക്കാരിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്.

നിയമം ഇസ്രയേലിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. സർക്കാർ നടത്തുന്ന തിരക്കിട്ട നീക്കം അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിച്ചതായും വിമർശകർ കുറ്റപ്പെടുത്തി. സർക്കാർ നയത്തിനെതിരെ സൈനികരും വിവിധ സർക്കാർ ഉദ്യോ​ഗസ്ഥരും രം​ഗത്തുണ്ട്. ജോലിക്കെത്തില്ലെന്ന് അറിയിച്ച് സൈനിക മേധാവികളും ഉദ്യോ​ഗസ്ഥരും ഒപ്പുവെച്ച കത്ത് സർക്കാരിന് സമർപ്പിച്ചിരുന്നു. ഇസ്രയേലിന്റെ അടിത്തറ ഇളക്കുന്നതാണ് ബില്ലെന്ന് കത്തിൽ വിമർശിച്ചു.‌‌

തനിക്കെതിരെയുളള അഴിമതി ആരോപണങ്ങളെ മറികടക്കാനാണ് നെതന്യാഹു ജുഡീഷ്യറിയെ പരിഷ്കരിക്കുന്നതെന്ന വിമർശനവ‍ും ഇതിനോടകം ഉയർന്നിട്ടുണ്ട്. അതേസമയം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നെതന്യാഹുവിനെ ‌ടെൽ അവീവിലെ ഷെബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യക്ക് വിധേയനാക്കിയ നെതന്യാഹുവിന് പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട്, ആരോ​ഗ്യ സ്ഥിതി ​ഗുരുതരമല്ലെന്നും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com