'ടൈറ്റൻ രക്ഷാപ്രവർത്തനം അവശിഷ്ടം വീണ്ടെടുക്കലായി'; വികാരാധീനനായി അണ്ടർവാട്ടർ റോബോട്ട് ഓപ്പറേറ്റർ

'ഹൈ-ഡെഫനിഷൻ ക്യാമറകൾ ടൈറ്റന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ അയച്ചു. മുങ്ങിക്കപ്പലിലെ അഞ്ചുപേരടങ്ങുന്ന സംഘത്തെ രക്ഷിക്കാമെന്ന പ്രതീക്ഷ ആ നിമിഷം അസ്തമിച്ചു,' കസ്സാനോ ഓർത്തു.
'ടൈറ്റൻ രക്ഷാപ്രവർത്തനം അവശിഷ്ടം വീണ്ടെടുക്കലായി'; വികാരാധീനനായി അണ്ടർവാട്ടർ റോബോട്ട് ഓപ്പറേറ്റർ

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി യാത്ര തിരിച്ച ടൈറ്റൻ പേടകം അറ്റ്ലാന്റിക്കിൽ തകർന്നടിഞ്ഞെന്ന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചത്. സാഹസികത നിറഞ്ഞ ആ യാത്രയിലുണ്ടായിരുന്ന അഞ്ചു പേരും മരണമടയുകയും ചെയ്തു. ടൈറ്റൻ അവശിഷ്ടങ്ങൾ കണ്ടെത്തിയ നിമിഷത്തെക്കുറിച്ച് അണ്ടർവാട്ടർ റോബോട്ട് ഓപ്പറേറ്റർ എഡ്വേർഡ് കാസാനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏറെ വികാരാധീനനായാണ് അദ്ദേഹം ടൈറ്റൻ അവശിഷ്ടങ്ങൾ കണ്ടെത്തിയ നിമിഷം വിവരിച്ചത്.

താനും സഹപ്രവർത്തകരും ടൈറ്റൻ കാണാതായ ഭാഗത്ത് എത്തിയപ്പോൾ, മറ്റുള്ളവർ ചെയ്തു പരാജയപ്പെട്ടത് പോലെ വടക്കൻ അറ്റ്ലാന്റിക്കിന്റെ ഏറ്റവും ആഴമേറിയ ഭാഗങ്ങളിൽ ഈ പേടകം തേടിയിറങ്ങണമെന്ന് തിരിച്ചറിഞ്ഞു. ഒഡീസിയസ് എന്ന തങ്ങളുടെ പേടകം വിന്യസിച്ച് ജോലി ആരംഭിച്ചു. ഈ പ്രക്രിയയ്ക്ക് ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്തുവെന്ന് കാസാനോ തന്റെ കമ്പനിയായ പെലാജിക് റിസർച്ച് സർവീസസിന്റെ സബർബൻ ബഫല്ലോ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'ഒഡീസിയസ് കടൽത്തീരത്ത് എത്തിയതിന് തൊട്ടുപിന്നാലെ, അതിന്റെ ഹൈ-ഡെഫനിഷൻ ക്യാമറകൾ ടൈറ്റന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ അയച്ചു. മുങ്ങിക്കപ്പലിലെ അഞ്ചുപേരടങ്ങുന്ന സംഘത്തെ രക്ഷിക്കാമെന്ന പ്രതീക്ഷ ആ നിമിഷം അസ്തമിച്ചു,' കസ്സാനോ ഓർത്തു. 'എനിക്ക് മാപ്പ് പറയണം', അദ്ദേഹം ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

ടൈറ്റന്റെ അവശേഷിക്കുന്ന കഷണങ്ങളുമായി കപ്പൽ ബുധനാഴ്ച തുറമുഖത്തേക്ക് മടങ്ങി. ടൈറ്റൻ പൊട്ടിത്തെറിച്ചത് എന്തുകൊണ്ടാണെന്നുള്ള അന്വേഷണത്തിൽ അവശിഷ്ടങ്ങളുടെ പരിശോധന നിർണായകമാണ്. അവയിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോസ്റ്റ് ഗാർഡ് പറഞ്ഞു. അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള പ്രക്രിയ ഏറെ അപകടം നിറഞ്ഞതും സങ്കീർണവുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 'ദുഃഖകരമെന്നു പറയട്ടെ, ഞങ്ങളുടെ രക്ഷാപ്രവർത്തനം അവശിഷ്ടം വീണ്ടെടുക്കലായി മാറി', അദ്ദേഹം കൂട്ടിച്ചേർത്തു.

ടൈറ്റൻ ഇറങ്ങിയ നോർത്ത് അറ്റ്ലാന്റിക്കിലെ സ്ഥലത്ത് തന്റെ ടീം എത്തിയപ്പോൾ അവിടെ 10 കപ്പലുകളും വിമാനങ്ങളും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കപ്പലുകളിലൊന്ന് ആഴങ്ങളിൽ പൈപ്പുകളും കേബിളുകളും ഇടുന്ന ഡീപ് എനർജി ആയിരുന്നു. ഡീപ് എനർജി ഒരു പേടകം അയച്ചെങ്കിലും അതിന് 2700 മീറ്റർ ആഴത്തിൽ മാത്രമേ എത്താനായുള്ളൂ. ടൈറ്റന്റെ അവശിഷ്ടങ്ങൾ ഏകദേശം 3810 മീറ്റർ വെള്ളത്തിനടിയിലായിരുന്നുവെന്ന് കസാനോ പറഞ്ഞു. ടൈറ്റന്റെ യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ 'പര്യവേക്ഷണത്തോടുള്ള അഭിനിവേശവും സന്തോഷവുമാകാം ക്രൂവിനെ ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നുവെന്ന് എന്നായിരുന്നു കാസാനോയുടെ മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com