ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു; സമാധാന ആഹ്വാനവുമായി വെടിയേറ്റു മരിച്ച കൗമാരക്കാരന്റെ മുത്തശ്ശി

കലാപം അവസാനിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ച ആരംഭിക്കാനിരുന്ന ജര്‍മ്മനി സന്ദര്‍ശനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മാറ്റിവച്ചു.
ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു; സമാധാന ആഹ്വാനവുമായി വെടിയേറ്റു മരിച്ച കൗമാരക്കാരന്റെ മുത്തശ്ശി

പാരിസ്: കൗമാരക്കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുന്നു. ഫ്രഞ്ച് ഇന്റീരിയര്‍ മിനിസ്ട്രി ഞായറാഴ്ച പുറത്തു വിട്ട കണക്കു പ്രകാരം ശനിയാഴ്ച രാത്രി മാത്രം 719 പേരെ അറസ്റ്റ് ചെയ്തു. 1300 ലേറെ പേര്‍ ഇതുവരെ അറസ്റ്റിലായി. വെടിയേറ്റു മരിച്ച കൗമാരക്കാരന്റെ മുത്തശ്ശി സമാധാനശ്രമങ്ങളുമായി രംഗത്തെത്തി.

ഫ്രാന്‍സിലെ അശാന്തി അയല്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡിലേയ്ക്കും ബെല്‍ജിയത്തിലേയ്ക്കും പടര്‍ന്നിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് നഗരമായ ലൊസാനെയില്‍ യുവജനങ്ങള്‍ കടകളുടെ ജനാലകള്‍ എറിഞ്ഞു തകര്‍ത്തു. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലും ആക്രമണങ്ങളുണ്ടായി. ആക്രമണവുമായി തെരുവിലിറിങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ്.

കലാപം അവസാനിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ച ആരംഭിക്കാനിരുന്ന ജര്‍മ്മനി സന്ദര്‍ശനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മാറ്റിവച്ചു. മാക്രോണ്‍ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയറുമായി ഫോണില്‍ സംസാരിക്കുകയും സ്ഥിതിഗതികള്‍ വിശദീകരിക്കുകയും ചെയ്തതായി ജര്‍മ്മന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.

പാരിസിനടുത്ത് അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന അള്‍ജീരിയ-മൊറോക്കോ വംശജനായ നയെല്‍ (17) ആണ് പൊലീസ് വെടിയേറ്റ് മരിച്ചത്. ട്രാഫിക് സിഗ്നലിനു സമീപം പൊലീസ് തടഞ്ഞതിനു പിന്നാലെയാണ് വെടിവെയ്പുണ്ടായത്. നിര്‍ത്താതെ കാര്‍ മുന്നോട്ടെടുത്ത നയെലിന് വെടി ഏല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ നയെലിന് ജീവന്‍ നഷ്ടമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com