അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ 76 ഫ്ളാറ്റുകൾ; താക്കോൽ കൈമാറി യോ​ഗി

നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അതിഖ് അഹമ്മദ് പൊലീസ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ഏപ്രിലിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്
അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ 76 ഫ്ളാറ്റുകൾ; താക്കോൽ കൈമാറി യോ​ഗി

ലഖ്നൗ: കൊല്ലപ്പെട്ട ​ഗുണ്ടാ നേതാവും വിവാദ രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ 76 ഫ്ലാറ്റുകൾ നിർമ്മിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വീടുകളുടെ താക്കോൽദാനം ന‌ടത്തി. യുപിയിലെ പ്രയാ​ഗ് രാജിൽ പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതി പ്രകാരമാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്.

പാവപ്പെട്ട കുടുംബങ്ങൾക്കാണ് ഫ്ലാറ്റുകൾ കൈമാറിയത്. നറുക്കെടുപ്പിലൂടെ അർഹരായവരെ കണ്ടെത്തുകയായിരുന്നു. അതിഖ് അഹമ്മദിൽ നിന്ന് കണ്ടുകെട്ടിയ 1731 സ്ക്വയർ മീറ്റർ ഭൂമിയിലാണ് ഫ്ലാറ്റ് നിർമ്മിച്ചത്.

'2017ന് മുമ്പ് ഏത് മാഫിയയ്ക്കും പാവപ്പെട്ടവരുടെയും ബിസിനസുകാരുടെയും എന്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പോലും ഭൂമി പിടിച്ചെടുക്കാന്‍ കഴിയുമായിരുന്ന സംസ്ഥാനമാണിത്. പാവപ്പെട്ടവര്‍ക്ക് അന്ന് ഇതെല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കാനെ സാധിച്ചുള്ളു. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഇതേ മാഫിയകളില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇത് വലിയൊരു നേട്ടമാണ്,' താക്കോൽദാന ചടങ്ങിൽ സംസാരിക്കവെ യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ഓരോ ഫ്ലാറ്റിനും 44 സ്ക്വയർ മീറ്ററാണുളളത്. രണ്ടു മുറിയും അടുക്കളയും ഒരു ശുചിമുറിയും ഫ്ലാറ്റിലുണ്ട്. 6030 അപേക്ഷകരിൽ നിന്ന് നറുക്കെടുത്താണ് ആളുകളെ തെരഞ്ഞെടുത്തത്. 3.5 ലക്ഷം രൂപയ്ക്കാണ് ഫ്ലാറ്റുകൾ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കൈമാറിയത്. നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അതിഖ് അഹമ്മദ് പൊലീസ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ഏപ്രിലിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. അതിഖ് അഹമ്മദിനൊപ്പം സഹോദരൻ അഷ്റഫും കൊല്ലപ്പെട്ടിരുന്നു. 2005 ൽ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് അതിഖ് അഹമ്മദ് ജയിലിലായത്. ഏപ്രിൽ 15ന് ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുവന്നപ്പോൾ ‌മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ രണ്ടുപേർ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com