ലേഡി ബേർഡ് തടാകത്തിൽ പൊങ്ങുന്നത് അഞ്ചാമത്തെ പുരുഷ മൃതദേഹം; പിന്നിൽ സീരിയൽ കില്ലറോ?

തടാകത്തിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ ദുരൂഹത ഉയരുന്നുണ്ട്
ലേഡി ബേർഡ് തടാകത്തിൽ പൊങ്ങുന്നത് അഞ്ചാമത്തെ പുരുഷ മൃതദേഹം; പിന്നിൽ സീരിയൽ കില്ലറോ?

വാഷിങ്ടൺ: ടെക്സസിലെ ഓസ്റ്റിനിലുളള ലേഡി ബേർഡ് തടാകത്തിൽ നിന്ന് വീണ്ടും മൃതദേഹം ലഭിച്ചതായി അ​ഗ്നിരക്ഷാസേന അറിയിച്ചു. ഒരു പുരുഷന്റെ മൃതദേഹമാണ് ഓസ്റ്റിൻ അ​ഗ്നിരക്ഷാസേന കണ്ടെത്തിയത്. മരിച്ച വ്യക്തിയുടെ പേര് അടക്കമുളള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് അധികൃതർ ട്വിറ്ററിൽ കുറിച്ചു.

മരിച്ചയാൾ പുരുഷനാണെന്ന് ഓസ്റ്റിൻ പൊലീസ് ഉദ്യോ​ഗസ്ഥൻ സർജന്റ് ലീ നൗസ് അറിയിച്ചു. മരണം കൊലപാതകമാണോ എന്നത് വ്യക്തമല്ല. നരഹത്യക്ക് പകരം സ്വാഭാവിക മരണമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. തടാകത്തിൽ നിന്ന് ലഭിക്കുന്ന അഞ്ചാമത്തെ പുരുഷ മൃതദേഹമാണിത്.

അതേസമയം ലേഡി ബേർഡ് തടാകത്തിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ ദുരൂഹത ഉയരുന്നുണ്ട്. പത്ത് മാസത്തിനിടെ ഇത് എട്ടാമത്തെ മൃത​ദേഹമാണ് ലഭിക്കുന്നത്. ഇതെല്ലാം കൊലപാതകമാണെന്നും പിന്നിൽ സീരിയൽ കില്ലറാണെന്നുമുളള ​ഗോസിപ്പുകളും ഓസ്റ്റിനിൽ പരക്കുന്നുണ്ട്. മുൻ വർഷങ്ങളിലും സമാനമായ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

'മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് മരിച്ചവരുടെ കുടുംബാം​ഗങ്ങളും അവകാശപ്പെടുന്നു. എന്നാൽ ഓസ്റ്റിൻ പൊലീസ് ഈ ആരോപണങ്ങളെ തളളിയിട്ടുണ്ട്. ലേഡി ബേർഡ് തടാകത്തിൽ ഈയിടെ ഉണ്ടായിട്ടുളള മുങ്ങിമരണങ്ങളെ കുറിച്ച് പൊലീസിന് അറിയാം. ഈ കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ഇതെല്ലാം കൊലപാതകമാണെന്ന് ഉറപ്പിക്കാനുളള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. പൊലീസ് ലഭ്യമായ എല്ലാ തെളിവുകളും കൃത്യമായി പരിശോധിക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലൂടെയാണ് പോകുന്നത്,' പൊലീസ് ട്വിറ്ററിൽ കുറിച്ചു.

ജേസൺ ജോൺ (30), ക്ലിഫ്റ്റൺ ആക്‌സ്റ്റെൽ (40), ജൊനാഥൻ ഹണി (33), ജോൺ ക്രിസ്റ്റഫർ ഹെയ്‌സ് (30) എന്നിവരുടെ മൃതദേഹങ്ങളാണ് തടാകത്തിൽ നിന്ന് ഈ വർഷം ലഭിച്ചത് . കൂടാതെ വെടിയുണ്ടയേറ്റ ഒരു വാഹനവും പൊലീസ് കണ്ടെത്തിയിരുന്നു. മരണങ്ങളെ തുടർന്ന് 'ലേഡി ബേർഡ് ലേക്ക് സീരിയൽ കില്ലർ' എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു ​ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബാംഗങ്ങളാണ് ഈ ​ഗ്രൂപ്പിലുളളത്. തടാകത്തിലെ മരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുകയാണ് ​ഗ്രൂപ്പിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com