മോദിയോട് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകയ്ക്കെതിരെ സൈബർ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്

സബ്രീന സിദ്ദിഖി നേരിട്ട സൈബർ ആക്രമണത്തിനെതിരെ വൈറ്റ് ഹൗസ് രംഗത്തെത്തി
മോദിയോട് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകയ്ക്കെതിരെ സൈബർ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചതിനെ അപലപിച്ച് വൈറ്റ് ഹൗസ്. അമേരിക്കൻ സന്ദർശനത്തിനിടെ നടന്ന വാർത്താ സമ്മേളനത്തിനിടയിൽ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ സബ്രീന സിദ്ദിഖിയാണ് ചോദ്യം ഉന്നയിച്ചത്. ഇതിനെ തു‌ർന്ന് സബ്രീന കടുത്ത സൈബർ ആക്രമണത്തിന് ഇരയാവുകയായിരുന്നു.

സബ്രീന സിദ്ദിഖി നേരിട്ട സൈബർ ആക്രമണത്തിനെതിരെ വൈറ്റ് ഹൗസ് രം​ഗത്തെത്തി. സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നെന്നും അത് അംഗീകരിക്കാനാവുന്നതല്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. വാള്‍സ്ട്രീറ്റ് ജേര്‍ണലിനോ‌ടായിരുന്നു വൈറ്റ് ഹൗസിൻ്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരെ എവിടെയും ഏത് സാഹചര്യത്തിലും ആക്രമിക്കുന്നതിനെ അപലപിക്കുന്നുവെന്നും ഇത്തരം അക്രമങ്ങൾ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇന്ത്യയില്‍ വിവേചനത്തിന് ഇടമില്ലെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. 'നമ്മള്‍ ഒരു ജനാധിപത്യ രാജ്യമാണ്. ഇന്ത്യയുടേയും അമേരിക്കയുടേയും ഡിഎന്‍എയില്‍ ജനാധിപത്യമുണ്ട്. ജനാധിപത്യം നമ്മുടെ ആത്മാവിലാണ്, അതിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത് ഭരണഘടനയില്‍ എഴുതിയിട്ടുണ്ട്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനത്തിന് തികച്ചും ഇടമില്ല', പ്രധാനമന്ത്രി പറഞ്ഞു.

മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ലെന്നും, ജനാധിപത്യപരമായി ജീവിക്കുമ്പോൾ വിവേചനത്തെ കുറിച്ച് ചോദ്യമില്ലെന്നും, മതം, ജാതി, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ചോദ്യവും പ്രധാനമന്ത്രിയുടെ മറുപടിയും ഇന്ത്യയിൽ വലിയ പ്രതികരണങ്ങൾക്ക് വഴിവെക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com