വിമത നീക്കത്തിൽ പുടിൻ ദുർബലനായോ? ക്രെംലിൻ നിശബ്ദം!

റഷ്യ വിടുമെന്ന് പ്രഖ്യാപിച്ച പ്ര​ഗോസിൻ എവിടെയാണെന്നത് അജ്ഞാതമാണ്
വിമത നീക്കത്തിൽ പുടിൻ ദുർബലനായോ? ക്രെംലിൻ നിശബ്ദം!

മോസ്കോ: വ്ളാദിമർ പുടിന്റെ കാൽ നൂറ്റാണ്ട് നീണ്ട ഭരണത്തിന് ഏറ്റവും വലിയ ഭീഷണിയുയർത്തിയ വാ​ഗ്നർ ​ഗ്രൂപ്പിന്റെ അട്ടിമറി നീക്കം നാടകീയമായി അവസാനിച്ചതോടെ നിശ്ശബ്ദത പാലിച്ച് ക്രെംലിൻ. ആഭ്യന്തര കലാപത്തിന് ആഹ്വാനം ചെയ്ത പ്രി​ഗോസിൻ പെട്ടെന്ന് ശാന്തനായി. സായുധ കലാപം രാജ്യവിരുദ്ധമാണെന്നും സൈന്യത്തിന് എതിരെ നീങ്ങുന്നവർ ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞ റഷ്യൻ പ്രസിഡന്റ് പിന്നീട് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

പരിഭ്രാന്തി പടർത്തിയ ആ 24 മണിക്കൂറിനുളളിൽ മോസ്കോ ലക്ഷ്യമാക്കി സഞ്ചരിച്ച പ്രി​​ഗോസിനേയും വാ​ഗ്നർ സൈന്യത്തേയുമാണ് ലോകം കണ്ടത്. വളരെ പെട്ടെന്നാണ് ബെലാറൂസിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചതും അട്ടിമറി നീക്കം അവസാനിപ്പിച്ചതും. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് ചുമത്തിയ എല്ലാ കേസുകളും പിൻവലിച്ചതോടെ പ്രി​ഗോസിൻ ബെലാറൂസിലേക്ക് താമസം മാറ്റുമെന്നും റഷ്യൻ മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയിൽ തന്നെ ഭിന്നതകളുയർന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി ഉണ്ടായത്. റഷ്യൻ സൈന്യത്തിനെതിരെ സായുധ നടപടി സ്വീകരിക്കാൻ പ്രി​ഗോസിൻ ​ഗൂഢാലോചന നടത്തുകയാണെന്ന് യുഎസ് ചാരസംഘടനയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

സുരക്ഷാ ​ഗ്യാരന്റികൾ

പ്രി​ഗോസിനുമായി ബെലാറൂസ് പ്രസിഡൻ്റ് അലക്സാണ്ടർ ലുക്കാഷെങ്കോ നടത്തിയ സമാധാന ചർച്ചയെ കുറിച്ചു വ്ളാദിമർ പുടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രി​ഗോസിനെ ബെലാറൂസിലേക്ക് പോകാൻ അനുവദിക്കുമെന്നും അദ്ദേഹത്തിനും വാ​ഗ്നർ സൈന്യത്തിനുമെതിരായ ക്രിമിനൽ കുറ്റം പിൻവലിച്ചതായും പുടിൻ പറഞ്ഞതായി ക്രെംലിൻ അറിയിച്ചിരുന്നു.

പ്രി​ഗോസിനെ കീഴടക്കുന്നതിന് പകരം സമാധാന ചർച്ച നടത്തുകയും സുരക്ഷാ ​ഗ്യാരന്റി നൽകുകയും ചെയ്ത പുടിൻ സ്വയം കീഴടങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം റഷ്യയിൽ കണ്ടത്. റഷ്യ വിടുമെന്ന് പ്രഖ്യാപിച്ച പ്ര​ഗോസിൻ എവിടെയാണെന്നത് അജ്ഞാതമാണ്. റോസ്തോവ് ന​ഗരം റഷ്യൻ സൈന്യം ഏറ്റെടുത്തതിന് പിന്നാലെ പ്രി​ഗോസിൻ ജനങ്ങളുമായി ഇടപഴകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

റോസ്തോവ്-ഓൺ-ഡോൺ, വൊറോനെഷ്, ലിപെറ്റ്സ്ക് എന്നിവിടങ്ങളിൽ നിന്ന് വാഗ്നർ സൈന്യം പിൻവാങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സായുധ കലാപത്തിൽ പങ്കെടുത്തവർ റഷ്യയെ ഒറ്റിക്കൊടുത്തെന്ന് പുടിൻ പറഞ്ഞ് മണിക്കൂറുകൾക്കുളളിലാണ് സമാധാന ചർച്ച നടന്നത്. യുക്രെയ്ൻ യുദ്ധത്തിനെതിരായ ചെറിയ പ്രതിഷേധങ്ങൾക്ക് പോലും വലിയ ശിക്ഷ നൽകിയ പുടിൻ പക്ഷേ പ്രി​ഗോസിനെതിരേയും വാ​ഗ്നർ സൈന്യത്തിനെതിരേയും രാജ്യദ്രോഹ കുറ്റം ചുമത്തി ശിക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയത്.

പുടിനെ പ്രതിരോധത്തിലാക്കാൻ മോസ്കോയിലേക്ക് നീങ്ങിയ വാ​ഗ്നർ മേധാവി

യുക്രെയ്നെതിരെയുളള യുദ്ധത്തിന്റെ നടത്തിപ്പിനെചൊല്ലി പ്രതിരോധ മന്ത്രി സെർജി ഷോയി​ഗുവുമായും ഉന്നത സൈനിക ഉദ്യോ​ഗസ്ഥരുമായും വാ​ഗ്നർ മേധാവി നിരന്തരം തർക്കിച്ചിരുന്നു. യുക്രെയ്നിലെ ബഖ്മുത്തിലെ യുദ്ധത്തിൽ വാ​ഗ്നർ സൈന്യത്തെ വേണ്ടത്ര പിന്തുണക്കുന്നതിൽ റഷ്യ പരാജയപ്പെട്ടുവെന്നും പ്രി​ഗോസിൻ ആരോപിച്ചു. വാ​ഗ്നർ സൈന്യമില്ലെങ്കിൽ റഷ്യ ഈ യുദ്ധത്തിൽ പരാജയപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

വാഗ്നർ ഗ്രൂപ്പ് എന്തുകൊണ്ട് സായുധ കലാപത്തിന് ആഹ്വാനം ചെയ്തു?

വാ​ഗ്നർ സൈന്യത്തിന്റെ താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനായിരക്കണക്കിന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് നേര പ്രി​ഗോസിൻ തിരിയുന്നത്. റഷ്യൻ സൈനികർ ഉൾപ്പെടെ കൊല്ലപ്പെട്ട ഈ സംഭവത്തിൽ പ്രതിരോധ മന്ത്രാലയത്തെ ശിക്ഷിക്കുമെന്ന് വാ​ഗ്നർ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിരോധ മന്ത്രി സെർജി ഷോയി​ഗു തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വാ​ഗ്നർ മേധാവി ആരോപിച്ചു. എന്നാൽ ഇതെല്ലാം റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com