വാ​ഗ്നർ ​ഗ്രൂപ്പിന്റെ നീക്കം യുഎസ് ചാരസംഘടന നേരത്തെ അറിഞ്ഞു: റിപ്പോർട്ട്

'വാ​ഗ്നർ ​ഗ്രൂപ്പിന്റെ നീക്കവുമായി ബന്ധപ്പെട്ട വിവരം ജൂൺ പകുതിയിൽ തന്നെ യുഎസ് ചാരസംഘടനയ്ക്ക് ലഭിച്ചിരുന്നു'
വാ​ഗ്നർ ​ഗ്രൂപ്പിന്റെ നീക്കം യുഎസ് ചാരസംഘടന നേരത്തെ അറിഞ്ഞു: റിപ്പോർട്ട്

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരെയുളള യെവ്ജെനി പ്രി​ഗോസിന്റെ അട്ടിമറി നീക്കത്തെ കുറിച്ചുളള വിവരം ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ ചാരസംഘടനയ്ക്ക് ലഭിച്ചതായി റിപ്പോർട്ട്. റഷ്യയിൽ സംഭവിക്കാൻ പോകുന്ന ആഭ്യന്തരപ്രശ്നങ്ങളെ കുറിച്ച് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ വൈറ്റ് ഹൗസിലും പെന്റ​ഗണിലും ക്യാപിറ്റൽ ഹില്ലിലും ചർച്ച ചെയ്തതായി വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും റിപ്പോ‍ർട്ട് ചെയ്തു.

റഷ്യൻ സൈന്യത്തിന് നേരെയുളള വാ​ഗ്നർ ​ഗ്രൂപ്പിന്റെ നീക്കവുമായി ബന്ധപ്പെട്ട വിവരം ജൂൺ പകുതിയിൽ തന്നെ യുഎസ് ചാരസംഘടനയ്ക്ക് ലഭിച്ചിരുന്നു. ആണാവായുധങ്ങൾ കൈവശം വെക്കുന്ന റഷ്യയിൽ നടക്കാൻ പോകുന്ന അസ്വസ്ഥതകളെ കുറിച്ച് യുഎസിന് ആശങ്കയുണ്ടായിരുന്നു. ഇതുമൂലം ഈ വിവരം മറച്ചുവെച്ചെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു.

അടുത്ത ബന്ധമുളള പ്രി​ഗോസിൻ ഒരു ദിവസം തന്നെ തിരിഞ്ഞുകൊത്തുമെന്ന് പുടിൻ പ്രതീക്ഷിച്ചിരുന്നതായി യുഎസ് ചാരസംഘടന വിശ്വസിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സായുധ കലാപം രാജ്യവിരുദ്ധമാണെന്നും സൈന്യത്തിന് എതിരെ നീങ്ങുന്നവർ ശിക്ഷിക്കപ്പെടുമെന്നും വാ​ഗ്നർ ​ഗ്രൂപ്പിന്റെ അട്ടിമറി ശ്രമത്തിന് പിന്നാലെ വ്ളാദിമർ പുടിൻ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടന്ന ബെലാറൂസിന്റെ നേതൃത്വത്തിലുളള മധ്യസ്ഥ ചർച്ചക്ക് ആഹ്വാനം ചെയ്തതും പുടിൻ തന്നെയായിരുന്നു.

വെള്ളിയാഴ്ച യുക്രെയ്നിൽ നിന്നും റഷ്യയിലേക്ക് നീങ്ങിയ വാ​ഗ്നർ ​ഗ്രൂപ്പ് റോസ്തോവ് പിടിച്ചെടുത്തിരുന്നു. മോസ്കോയിലേക്ക് പോകവെയാണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ പ്രി​ഗോസിനുമായി ചർച്ച നടത്തി വിമത നീക്കം അവസാനിപ്പിച്ചത്. വാ​ഗ്നർ ​ഗ്രൂപ്പിന്റെ സുരക്ഷ ബെലാറൂസ് വാ​ഗ്ദാനം ചെയ്യുന്നുവെന്ന് അലക്സാണ്ടർ ലുക്കാഷെങ്കോ ഉറപ്പ് നൽകി. രക്തചൊരിച്ചിൽ ഒഴിവാക്കാനായി പിന്മാറുന്നുവെന്നായിരുന്നു പ്രി​ഗോസിൻ വിമത നീക്കം അവസാനിപ്പിച്ചതിനെ തുടർന്ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞത്.

റോസ്തോവ് പിടിച്ചെടുത്തതിന് ശേഷം മോസ്കോ ലക്ഷ്യമാക്കി 1,100 കിലോമീറ്റർ വാ​ഗ്നർ സേന സഞ്ചരിച്ചിരുന്നു. ഇതിനിടെയാണ് മധ്യസ്ഥ ചർച്ച വിജയം കണ്ടത്. വാ​ഗ്നർ സേന റോസ്തോവിൽ നിന്ന് പൂർണമായും പിൻവലിഞ്ഞിട്ടുണ്ട്. വാ​ഗ്നർ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ റഷ്യൻ സൈന്യം ന​ഗരം ഏറ്റെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com